കൊല്ലം: കുറ്റാക്കൂരിരുട്ട്, കാട്ടുചെടികൾക്കിടയിൽ നിന്ന് മുരൾച്ചയോടെ എന്തോ ചാടി വീണു. കറുത്തിരുണ്ട് നാല് കാലുണ്ട്. പുറം നിറയെ രോമങ്ങളും. കാട്ടുപൂച്ചയല്ല, അത് കരടിയാണ്. വെളിച്ചമടിച്ചപ്പോൾ കാട്ടിലേക്ക് മറഞ്ഞു. പിന്നെ കണ്ടില്ല. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷ് ഇന്നലെ പുലർച്ചെ കണ്ട കാഴ്ച ചാത്തന്നൂരിൽ ഒരു ഭീകര കഥയായി പ്രചരിക്കുകയാണ്.
രാത്രി രണ്ടോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കാളെത്തി. മറുതലയ്ക്കൽ നിന്ന് ഇങ്ങനെ പറഞ്ഞു. 'ശീമാട്ടി ജെ.എസ്.എം ആശുപത്രിക്കടുത്ത് കരടിയിറങ്ങി'. വിവരം ഉടൻ നൈറ്റ് പട്രോളിംഗ് സംഘത്തിന് കൈമാറി. തൊട്ടടുത്ത് ഉണ്ടായിരുന്ന എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തിരുവനന്തപുരത്തേക്ക് കാറിൽ പോവുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ട്. അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് പിള്ളേർ കളിപ്പിക്കുകയാണെന്ന മുൻവിധിയോടെ സുരേഷ് നോക്കി. അല്ല, കളിപ്പിക്കലല്ല, അത് കരടിയാണ്. ടോർച്ച് തെളിച്ചതോടെ റോഡ് വക്കിലെ പുൽച്ചെടികൾക്കിടയിലേക്ക് ആ കറുത്തിരുണ്ട രൂപം ഓടി മറഞ്ഞു.
സംഭവം കാട്ടുതീ പോലെ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചു. 'ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം. ജെ.എസ്.എം ആശുപത്രിക്ക് സമീപം കരടിയെ കണ്ടതായി വിവരമുണ്ട്.' ചാത്തന്നൂർ പൊലീസ് മൈക്ക് അനൗൺസ്മെന്റുമായിറങ്ങി. ഇതിനിടയിൽ പാരിപ്പള്ളയിലും ഊറാംവിളയിലും ചിറക്കരയിലും കരടിയെ കണ്ടതായി കിംവദന്തി ഇറങ്ങി. നാട്ടുകാർ പറഞ്ഞതാണെങ്കിൽ വനം വകുപ്പ് കാര്യമായി എടുക്കില്ലായിരുന്നു. ഒരു പൊലീസുകാരൻ തന്നെ കണ്ട സ്ഥിതിക്ക് വനം വകുപ്പിന്റെ ദ്രുതകർമ്മസേന സ്ഥലത്തെത്തി. കൈയിൽ തോക്കും വടവും ചങ്ങലയുമൊക്കെയുണ്ട്. ഇന്നലെ വൈകും വരെ സ്ഥലത്താകെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. പക്ഷെ കരടിയുടെ പൊടി പോലും കണ്ടില്ല. കാൽപ്പാടുകൾക്കായി പരിശോധന നടത്തിയെങ്കിലും ഫലുമുണ്ടായില്ല. എങ്കിലും ദ്രുതകർമ്മസേന സ്ഥലത്ത് തങ്ങുകയാണ്.
ഇഷ്ടം തേനും ചക്കയും
തേനും ചക്കയും തേടിയാണ് കരടികൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഇപ്പോൾ ചക്ക ഇല്ലാത്തതിനാൽ തേൻ കൂടുകൾ തേടി എത്തിയതാകാമെന്നാണ് നിഗമനം. സമീപത്തെ വലിയ തേനീച്ചക്കൂടുകൾ പരിശോധിച്ചെങ്കിലും ഒന്നിലും കരടി തേൻ കുടിച്ചതിന്റെ ലക്ഷണമില്ല. സാധാരണ ഒരിടത്ത് തങ്ങുന്ന സ്വാഭാക്കാരല്ല കരടികൾ. വേഗത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും.
''
കണ്ടത് കരടിയെ തന്നെയാണെന്ന വിശ്വാസത്തിൽ തെരച്ചിൽ തുടരുകയാണ്. കണ്ടാൽ മയക്കുവെടിവയ്ക്കും. നാട്ടുകാർ ആരെങ്കിലും കണ്ടാൽ വനംവകുപ്പിനെയോ ഫയർഫോഴ്സിനെയോ വിവരം അറിയിക്കണം. അല്ലാതെ പിന്തുടർന്ന് പ്രകോപിപ്പിക്കരുത്. ശീമാട്ടിയിൽ കണ്ട കരടിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.
ബി.ആർ. ജയൻ,
അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ