തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് ഇന്നും പരിഹാരമായിട്ടില്ല. പട്ടം താണുപിള്ള, ഇ.എംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ ബെഞ്ച് എന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും കേൾക്കേണ്ടവർ മാത്രം ഇതുകേട്ടില്ല. 1950കളുടെ തുടക്കത്തിലും 2008ലും ഇതേ ആവശ്യമുന്നയിച്ച് ശക്തമായ സമരം നടന്നു. 2008ലെ സമരം ഏതാണ്ട് രണ്ടുവർഷം നീണ്ടുനിന്നു. 1998ൽ കെ. കരുണാകരൻ പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 1958ലും 2004ലും നിയമസഭ പ്രമേയം പാസാക്കി, 2006ൽ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും ബെഞ്ച് എന്ന സ്വപ്നം യാഥാർത്ഥ്യമായില്ല. 2008ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. തുടർന്ന് കൊച്ചിയിൽ ഹൈക്കോടതിയുടെ ഫുൾകോർട്ട് ചേർന്നെങ്കിലും തിരുവനന്തപുരം ബെഞ്ച് പ്രായോഗികവും അനുയോജ്യവുമല്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ബെഞ്ച് ഇല്ലാത്തതുകൊണ്ട് പ്രതിവർഷം കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുകയെന്ന് കണക്കാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വാദിയോ പ്രതിയോ ആയിട്ടുള്ള റവന്യൂ റിക്കവറി, നികുതി പിരിവ്, വാണിജ്യ നികുതി, സർവീസ് സംബന്ധമായ ആയിരക്കണക്കിന് കേസുകളാണ് ഓരോ വർഷവും ഉണ്ടാകുന്നത്. കേസിന് വേണ്ടിയുള്ള യാത്രയ്ക്കും മറ്റുമായി സർക്കാരിന് വർഷം 300 കോടി ചെലവുണ്ടെന്നാണ് 1999ൽ കണ്ടെത്തിയത്. 2006 - 07 ആവുമ്പോഴേക്കും അത് 1014 കോടിയായി. സർക്കാർ വകുപ്പുകളുടെ ആസ്ഥാനവും തിരുവനന്തപുരത്ത് ആയതിനാൽ ഹൈക്കോടതി ബെഞ്ച് വന്നാൽ കേസുകളുടെ കാര്യത്തിൽ ഏകോപനവും നടക്കും.
തലസ്ഥാനത്തിന് അവഗണന
--------------------------------------------------
ഇന്ത്യയിൽ ഹൈക്കോടതി ബെഞ്ചില്ലാത്ത പ്രധാന സംസ്ഥാന തലസ്ഥാനമാണ് തിരുവനന്തപുരം. യു.പിയിലെ അലഹാബാദിൽ ഹൈക്കോടതിയുള്ളപ്പോൾ തലസ്ഥാനമായ ലക്നൗവിൽ ഹൈക്കോടതി ബെഞ്ചുണ്ട്. ഗ്വാളിയോർ, ഇൻഡോർ, നാഗ്പൂർ, രാജ്കോട്ട് എന്നിവിടങ്ങളിലെല്ലാം ഹൈക്കോടതി ബെഞ്ചുകളുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ എതിർപ്പിനെ തുടർന്ന് ആദ്യം സുപ്രീംകോടതി എതിർത്തെങ്കിലും കർണാടകയിലെ ഗുൽബർഗയിലും ധാർവാറിലും ബെഞ്ച് വന്നു. തമിഴ്നാട്ടിൽ മധുരയിലും ഹൈക്കോടതി ബെഞ്ചുണ്ട്.
ചരിത്രമിങ്ങനെ
1811 - തിരുവിതാംകൂറിൽ ജില്ലാ കോടതി സ്ഥാപിച്ചു
1882 - തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിച്ചു
1949 ജൂൺ 30 വരെ അത് തുടർന്നു
1949 ജൂലായ് ഒന്നിന് തിരുവിതാംകൂർ - കൊച്ചി സംയോജനം
1949 ജൂലായ് 7 മുതൽ 1954 ജൂലായ് 13 വരെ തിരുവനന്തപുരത്ത് ബെഞ്ച് ഇല്ല
1954 ജൂലായ് 14 മുതൽ 1956 ഒക്ടോബർ 31വരെ തിരു - കൊച്ചി
ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് പ്രവർത്തിച്ചു
1956 നവംബർ ഒന്നിന് കേരള സംസ്ഥാന രൂപീകരണം
1956 നവംബർ 5 മുതൽ 1956 ഡിസംബർ 12 വരെ ഫയലിംഗ്
അധികാരത്തോടെയുള്ള ഹൈക്കോടതി ബെഞ്ച് 37 ദിവസം പ്രവർത്തിച്ചു
1956 ഡിസംബർ 12 - സംസ്ഥാന പുനഃസംഘടന നിയമത്തെ
വ്യാഖ്യാനിച്ച് ഫയലിംഗ് അധികാരം എടുത്തുകളഞ്ഞു
1958 മാർച്ച് 4 വരെ ഫയലിംഗ് അധികാരമില്ലാതെയുള്ള സർക്യൂട്ട്
ബെഞ്ച് മാത്രമായി തിരുവനന്തപുരത്തേത് തുടർന്നു
1958 മാർച്ച് 4ന് ജസ്റ്രിസ് രാമൻനായരുടെ നിർദ്ദേശ
പ്രകാരം ബെഞ്ച് പ്രവർത്തനം അവസാനിപ്പിച്ചു
1958 ഏപ്രിൽ ഒന്നിന് നിയമസഭയിൽ തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ
സ്ഥിരം ബെഞ്ചിനായി മുഖ്യമന്ത്രി ഇ.എം.എസ് പ്രമേയം അവതരിപ്പിച്ച് പാസാക്കി
സമര പാതയിൽ
1950കളിലെ സമരങ്ങൾക്ക് ശേഷം 2008ലാണ് ഹൈക്കോടതി ബെഞ്ചിനായി കാര്യമായ സമരം നടക്കുന്നത്. സെക്രട്ടേറിയറ്രിന് മുന്നിൽ സമരം, കോടതിക്ക് മുന്നിൽ ധർണ, കോടതി ബഹിഷ്കരണം, പകൽ സത്യാഗ്രഹം, വനിതാ അഭിഭാഷകരുടെ സമരം തുടങ്ങിയവ നടന്നു. ഫ്രാറ്ര് തുടങ്ങിയ സംഘടനകളും രാഷ്ടീയ പാർട്ടികളും സാമൂഹ്യ സംഘടനകളും സമരത്തെ പിന്തുണച്ചു. 2008 ഫെബ്രുവരി 25ന് ജില്ലയിലെ എല്ലാ കോടതികളും അഭിഭാഷകർ ബഹിഷ്കരിച്ചിരുന്നു.
ഇനിയെന്ത് ?
സംസ്ഥാന സർക്കാർ പശ്ചാത്തല സംവിധാനമുണ്ടാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കൂടി സമ്മതത്തോടെ കേന്ദ്രത്തെ സമീപിച്ചാൽ ഹൈക്കോടതി ബെഞ്ച് പരിഗണിക്കാമെന്നാണ് കേന്ദ്രം പറയുന്നത്.