തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ ആരംഭിക്കും.18ന് പള്ളിവേട്ടയും 19ന് ആറാട്ടും നടത്തും. രാജഭരണകാലം മുതൽ ശംഖുംമുഖത്ത് നടത്തിയിരുന്ന പതിവ് ആറാട്ട് ഘോഷയാത്ര ഇക്കുറി ഉണ്ടാകില്ല. പദ്മതീർത്ഥത്തിലാണ് ഇത്തവണത്തെ ആറാട്ട്. തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന വ്യക്തിയായിരിക്കും പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുക. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 43 പേരെ മാത്രം ആറാട്ട് ചടങ്ങുകളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഉത്സവവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവരുടെ വലിയ രൂപങ്ങൾ നിർമ്മിച്ച് ക്ഷേത്ര പ്രവേശന കവാടത്തിൽ സ്ഥാപിക്കും. മാർച്ച് 30ന് നടക്കേണ്ട പൈങ്കുനി ഉത്സവമാണ് കൊവിഡിനെ തുടർന്ന് മാറ്റിവച്ചത്. വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിൽ അല്പശി ഉത്സവം ഒക്ടോബർ 15ന് ആരംഭിക്കേണ്ടതാണ്. അതിന് മുൻപ് പൈങ്കുനി ഉത്സവം നടത്തണമെന്നും ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താമെന്നും തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് അറിയിച്ചിരുന്നു. തുടർന്നാണ് പൈങ്കുനി ഉത്സവം ചടങ്ങുകളോടെ നടത്താനും ഒക്ടോബറിൽ വരുന്ന അല്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടാനും തീരുമാനിച്ചത്. ഓരോ ഉത്സവത്തിനുമൊപ്പം സമീപത്തെ നാലു ദേവസ്വങ്ങളിലെയും ആറാട്ട് ശംഖുംമുഖത്ത് നടക്കാറുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി (മീനം) ഉത്സവം മുടങ്ങിയതിനെ തുടർന്ന് കൂടിയാറാട്ട് പതിവുള്ള മറ്റ് നാല് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും മാറ്റിവച്ചിരുന്നു. പദ്മതീർത്ഥത്തിൽ ആറാട്ട് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ശ്രീവരാഹം ഉൾപ്പെടെ നാലുക്ഷേത്രങ്ങളിലെ കൂടിയാറാട്ടും പദ്മതീർത്ഥത്തിൽ നടത്തും.