ലണ്ടൻ: കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് റയൽ മാഡ്രിഡിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് എവർട്ടണിലെത്തി. രണ്ട് വർഷത്തെ കരാറിലാണ് എവർട്ടണുമായി റോഡ്രിഗസ് ഒപ്പുവച്ചത്. എവർട്ടണിന്റെ നിലവിലെ കോച്ച് കാർലോ ആൻസലോട്ടിയുടെ ഇടപെടലിലാണ് റോഡ്രിഗസ് എവർട്ടണിൽ എത്തിയത്. 2014ലെ ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ റയലിൽ എത്തിയ റോഡ്രിഗസിന് പക്ഷേ അവിടെ കാര്യങ്ങൾ ഉദ്ദേശച്ച പോലെ ആയില്ല. 2017മുതൽ 19വരെ ബയേൺ മ്യൂണിലേക്ക് ലോണിൽ പോയ റോഡ്രിഗസ് കഴിഞ്ഞ സീസണിൽ റയലിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് കിട്ടിയില്ല. പലപ്പോഴും സൈഡ് ബഞ്ചിലായിരുന്ന ഇരുപത്തൊമ്പതുകാരൻ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എവർട്ടണിലെത്തിയിരിക്കുന്നത്.