ന്യൂഡൽഹി: ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗ് ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ താരം യുവ്രാജ് സിംഗ്. കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവ്രാജ് ഡിസംബർ പത്തിനാരംഭിക്കാൻ നിശ്ചയിച്ചുട്ടുള്ള ബി.ബി.എല്ലിൽ പത്താം സീസണിൽ കളിക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ആസ്ട്രേലിയ യുവ്രാജിനെ കളിപ്പിക്കാൻ താത്പര്യമുള്ള ഫ്രാഞ്ചൈസികളെപ്പറ്റി അന്വേഷണം നടത്തിയെന്ന് യുവ്രാജിന്റെ മാനേജർ അറിച്ചതായി ആസ്ട്രേലിയൻ മാദ്ധ്യമമായ സിഡ്നി മോർണിംഗ് ഹെറാൾഡിൽ
റിപ്പോർട്ട് ചെയ്തു. അതേസമയം ബി.സി.സി.ഐയുടെ അനുമതി ലഭിച്ചാൽ മാത്രമേ യുവ്രാജിന് ബി.ബി.എല്ലിൽ കളിക്കാനാകൂ. കഴിഞ്ഞയിടെ യുവി കാനഡയിലെ ഗ്ലോബൽ ട്വന്റി-20 ടൂർണമെന്റിൽ കളിച്ചിരുന്നു.
ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവൻ പഞ്ചാബ്, പൂനെ വാരിയേഴ്സ്, മുംബയ് ഇന്ത്യൻസ് എന്നീ ടീമുകൾക്കായി യുവി കളിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ ഷെയ്ൻ വാട്സൺ ബി.ബി.എല്ലിൽ ഇന്ത്യൻ താരങ്ങളും ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ് വാട്സൺ.