തിരുവനന്തപുരം: പുത്തൻ പഠനമേശയും കസേരയും കണ്ടപ്പോൾ എട്ടാം ക്ലാസുകാരി ഭാവനചന്ദ്രൻ സ്കൂളിലെ ബെഞ്ചിലെന്ന പോലെ ഗമയോടെ കയറിയിരുന്നു. സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ വിഷമമുണ്ടെങ്കിലും പുത്തൻ കസേരയും മേശയും കണ്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു. സ്കൂൾ തുറക്കുമ്പോൾ പുത്തൻ സൗകര്യങ്ങൾ ലഭിക്കുമല്ലോ എന്ന സന്തോഷമായിരുന്നു മുഖത്ത്. എസ്.സി വിദ്യാർത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ പഠനമേശയും കസേരയും വിതരണം ചെയ്യുന്നതിന്റെ നഗരസഭാതല ഉദ്ഘാടനത്തിനാണ് കോട്ടൺഹിൽ സ്കൂളിലെ ഭാവനയും കൂട്ടുകാരുമെത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന 972 എസ്.സി വിദ്യാർത്ഥികൾക്കാണ് 40 ലക്ഷം രൂപ ചെലവിൽ പഠന മേശയും കസേരയും വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്.എസ്. സിന്ധു, സി. സുദർശനൻ, കൗൺസിലർ കാഞ്ഞിരംപാറ രവി, സെക്രട്ടറി അനു ആർ.എസ്, അഡിഷണൽ സെക്രട്ടറി ബിനി കെ.യു എന്നിവർ പങ്കെടുത്തു.