നിത്യജീവിതത്തിൽ കാണുന്ന ഓരോ സ്ത്രീയിലും ഒരു പോരാളിയുണ്ടെന്ന വിശ്വാസക്കാരിയാണ് മഞ്ജുവാര്യർ.
'ഏത് സ്ത്രീയാണ് ജീവിതത്തിനുവേണ്ടി യുദ്ധം ചെയ്യാത്തത്. അവർ ചിലപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിൽനിന്ന് വന്നവരായിരിക്കാം. വ്യത്യസ്തങ്ങളായ പ്രശ്നങ്ങളായിരിക്കാം അവർ അഭിമുഖീകരിക്കുന്നത്. എങ്കിലും ഓരോ സ്ത്രീ ജീവിതവും ആവേശകരമാണെന്ന് എനിക്ക് തോന്നുന്നു.' മഞ്ജു പറയുന്നു.
പ്രേക്ഷകരോട് കടപ്പാടുണ്ട്
പ്രേക്ഷകർ എനിക്ക് നല്കുന്ന സ്നേഹത്തിന് അവരോട് കടപ്പാടുണ്ട്. എന്നെ കാണുമ്പോൾ അവർ ഓടി വന്ന് സെൽഫിയെടുക്കുന്നതും സംസാരിക്കുന്നതുമൊക്കെ വലിയ സന്തോഷമാണ്. അവർക്ക് വേണ്ടി മികച്ച സിനിമകൾ ചെയ്യണം. എന്നെ ഇഷ്ടപ്പെടുന്നവരെപ്പോലെ ഞാനും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ആഗ്രഹിക്കുന്നത്.
പരസ്പര ബഹുമാനം സംസ്കാരമാകണം
കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ കൊഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷന് താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്കും അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പര ബഹുമാനം ഒരു സംസ്കാരമായി തീരണം. അപ്പോഴേ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയുമാകുന്ന പതിവ് അവസാനിക്കൂ.
ഒന്നും ഞാൻ പ്ളാൻ ചെയ്തിട്ടില്ല
അഭിനയവും നൃത്തവും സാമൂഹിക പ്രവർത്തനവും അടക്കം തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം യാദൃച്ഛികമാണെന്ന് മഞ്ജുവാര്യർ പറയുന്നു.'ഞാൻ ഒരിക്കലും ഒന്നും പ്ളാൻ ചെയ്തിട്ടില്ല. വരുന്ന പോലെ വരട്ടെ. ഇപ്പോൾ ഞാൻ ചെയ്യുന്നത് വലിയ കാര്യങ്ങളൊന്നുമല്ല. പക്ഷേ കുറച്ചെങ്കിലും ചെയ്യാൻ കഴിയുന്നതിന്റെയൊരു സന്തോഷമുണ്ട്.'