ഇന്ന് പിറന്നാളാഘോഷിക്കുന്ന മഞ്ജുവാര്യരെക്കുറിച്ച്
നടനും സംവിധായകനുമായ സഹോദരൻ മധുവാര്യർ
അനിയത്തിയാണെങ്കിലും പല കാര്യത്തിലും മഞ്ജു എന്റെ ചേച്ചിയായിരുന്നുവെന്നു വേണം പറയാൻ.
പഠിത്തത്തിൽ മാത്രമല്ല ഡാൻസ് ഉൾപ്പെടെയുള്ള പാഠ്യേതര വിഷയങ്ങളിലെല്ലാം മിടുക്കിയായിരുന്നു മഞ്ജു.
പഠിത്തത്തിലും പാഠ്യേതര വിഷയങ്ങളിലുമുള്ള മഞ്ജുവിന്റെ മികവ് എനിക്ക് വലിയ പാരയായിരുന്നു. കാരണം എനിക്ക് പാഠ്യേതര വിഷയങ്ങളിലൊന്നും കഴിവില്ലായിരുന്നു. പഠിക്കാനും മെച്ചമായിരുന്നില്ല. കുട്ടിക്കാലത്ത് അതുകൊണ്ടു തന്നെ മഞ്ജുവിനെക്കൊണ്ട് വലിയ ശല്യമായിരുന്നു എനിക്ക്.പത്താംക്ളാസിൽ മഞ്ജു കലാതിലകമായി. ഒന്നും പഠിക്കാതിരുന്നിട്ടും പത്താംക്ളാസിലെ റിസൾട്ട് വന്നപ്പോൾ മഞ്ജുവിന് തൊണ്ണൂറ് ശതമാനം മാർക്കുണ്ടായിരുന്നു.
'അവളെക്കണ്ട് പഠിക്കെടാ"യെന്നായിരുന്നു അച്ഛനും അമ്മയും എപ്പോഴും എന്നോട് പറഞ്ഞിരുന്നത്.ഞാനും മഞ്ജുവും തമിഴ് നാട്ടിലെ നാഗർകോവിലാണ് ജനിച്ചത്. അച്ഛന് കെ.ആർ. വിജയയുടെ ഉടമസ്ഥതയിലുള്ള സുദർശൻ ചിറ്റ് ഫണ്ട്സിലായിരുന്നു ജോലി.അഞ്ചാംക്ളാസുവരെയേ ഞാനവിടെ പഠിച്ചുള്ളൂ. അതുകഴിഞ്ഞ് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലേക്ക് മാറി.അച്ഛന് പിന്നീട് എറണാകുളത്തേക്ക് മാറ്റം കിട്ടി. സുദർശൻ ചിറ്റ് ഫണ്ട്സിൽ നിന്ന് പിന്നെ അച്ഛൻ കണ്ണൂർ ശക്തി ഫിനാൻസിലേക്ക് മാറി.ശക്തി ഫൈനാൻസിലെ ജോലി രാജിവച്ചിട്ടാണ് അച്ഛൻ തൃശൂർ പുള്ളിൽ സെറ്റിൽ ചെയ്തത്. പുള്ളിലേത് കുടുംബവീടാണ്. ഭാഗം വച്ചപ്പോൾ കുടുംബവീട് അച്ഛന് കിട്ടി. പിന്നീട് ആ വീട് പൊളിച്ച് പണിത്.സൈനിക സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒാണാവധിക്കും ക്രിസ്മസ് അവധിക്കും മദ്ധ്യവേനലവധിക്കും മാത്രമേ ഞാൻ വീട്ടിൽ പോയിരുന്നുള്ളൂ.
മഞ്ജു അഭിനയിച്ച സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കന്മദവും ദയയുമാണ്.ഞാനഭിനയിച്ച സിനിമകൾ കാണാൻ രണ്ടുതവണ മാത്രമേ ഞാൻ മഞ്ജുവിനെ കൊണ്ടുപോയിട്ടുള്ളു. പറയാം, പൊന്മുടിപ്പുഴയോരത്ത് കണ്ടപ്പോൾ മഞ്ജു വളരെ ഇമോഷണലായിരുന്നു. ആ സിനിമയുടെ സബ്ജക്ടിന്റെ പ്രത്യേകത കൊണ്ടാവാം. എന്റെ അഭിനയം കണ്ട് മഞ്ജു ഇതുവരെ കുറ്റമൊന്നും പറഞ്ഞിട്ടില്ല.
ഞാൻ സംവിധായകനാകുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ കഥ ഞാനാദ്യം പറയുന്നത് ബിജു ( ബിജു മേനോൻ)വേട്ടനോടാണ്. വർഷങ്ങൾക്കുമുമ്പ് ലക്ഷ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ആതിരപ്പള്ളിയിൽ പോയിട്ടാണ് കഥ പറഞ്ഞത്. അത് കഴിഞ്ഞാണ് മഞ്ജുവിനോട് കഥ പറയുന്നത്. മോഹൻലാൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മഞ്ജുവിന് സ്ക്രിപ്ട് വായിച്ച് കേൾപ്പിച്ചു.
സ്ക്രിപ്ട് വായിച്ച് കേട്ട മഞ്ജു ത്രിൽഡായി. ബിജുച്ചേട്ടന്റെ ഡേറ്റൊക്കെ ഒത്തുവരാൻ സമയമെടുത്തു. ഞങ്ങൾ വീണ്ടും സ് ക്രിപ്ട് റീ വർക്ക് ചെയ്തു.
പുതിയ ഡ്രാഫ്ട് കേട്ടപ്പോൾ മഞ്ജുവിന് കൂടുതൽ ആവേശമായി. അപ്പോഴാണ് പ്രൊഡ്യൂസ് ചെയ്താലോ എന്ന ഐഡിയ മഞ്ജു പറയുന്നത്. അങ്ങനെയാണ് സെഞ്ച്വറി കൊച്ചുമോൻ സാറുമായി ചേർന്ന് മഞ്ജു ലളിതം സുന്ദരം നിർമ്മിക്കുന്നത്.
ഇനി ഇരുപത്തിയഞ്ച് ദിവസത്തോളം ലളിതം സുന്ദരത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ഒരായിരം കിനാക്കളാൽ എന്ന സിനിമ സംവിധാനം ചെയ്ത പ്രമോദ് മോഹനാണ് ലളിതം സുന്ദരത്തിന്റെ തിരക്കഥാകൃത്ത്. ഞാനും പ്രമോദും ജൂഡ് ആന്റണിയും അരുൺഗോപിയുമൊക്കെ ക്രേസിഗോപാലനിൽ ദീപുകരുണാകരന്റെ അസിസ്റ്റന്റായിരുന്നു.
മഞ്ജുവിന്റെ കഥാപാത്രം രൂപപ്പെടുത്തുമ്പോൾതന്നെ എന്റെ കൈയിൽ ചില റഫറൻസുകളുണ്ടായിരുന്നു. ചില ഇമോഷൻസൊക്കെ ഇങ്ങനെ ചെയ്താൽ കൊള്ളാമെന്നൊക്കെ ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ലൊക്കേഷനിൽ വരുമ്പോൾ വളരെക്കാലം മുൻപേ ഞാൻ പറഞ്ഞിരുന്ന അക്കാര്യങ്ങളൊക്കെ മഞ്ജുവിന് ഒാർമ്മയുണ്ടായിരുന്നു.ലൊക്കേഷനിൽ മഞ്ജു വളരെ ഹാപ്പിയായിരുന്നു. എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും അമ്മയോടും എന്റെ ഭാര്യയോടുമൊക്കെ പറഞ്ഞു.