കണ്ണൂർ: കടലിനെ അറിഞ്ഞ്, കടലോളം തന്റെ കുട്ടികൾക്ക് അറിവു പകർന്ന അദ്ധ്യാപകനെയാണ് കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എ.എൻ.പി ഉമ്മർകുട്ടിയുടെ വിയോഗത്തോടെ നഷ്ടമായത്. തലശേരിയിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ച് അക്കാലത്ത് ആരും തിരിഞ്ഞു നോക്കാതിരുന്ന സമുദ്ര ശാസ്ത്ര ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയെന്നതു തന്നെ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
റിവാർഡ്സ് ഓഫ് ടെയ്ക്കിംഗ് എ ലെസ് ട്രാവൽഡ് റോഡ് എന്ന തന്റെ ആത്മകഥാ ഗ്രന്ഥത്തിൽ ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെയും കടൽ ചൂഷണത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആഗോളകാലാവസ്ഥ നിയന്ത്രണത്തിൽ സമുദ്രങ്ങളുടെ പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കവിയും സാഹിത്യകാരനുമായിരുന്ന എൻ.വി. കൃഷ്ണവാര്യരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ അടുപ്പമാണ് പിൽക്കാലത്ത് ശാസ്ത്ര ലേഖനങ്ങൾ എഴുതാൻ എ.എൻ.പിക്ക് പ്രചോദനമായത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി കൃഷ്ണവാര്യർ ചുമതലയേറ്റപ്പോൾ ഈ ഭരണസമിതിയിൽ അംഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ നിരവധി ശാസ്ത്ര ലേഖനങ്ങൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തു. സി.കെ. മൂസത്, എം.ആർ. ചന്ദ്രശേഖരൻ, പി.ടി. ഭാസ്കര പണിക്കർ എന്നിവരും അദ്ദേഹത്തിന് പ്രോത്സാഹനവുമായി രംഗത്തെത്തി. കടലിനെ കണ്ടെത്തൽ, ഇന്ത്യാസമുദ്രം, നമ്മുടെ കടൽ തുടങ്ങിയ ഗ്രന്ഥങ്ങളും ഈ സമയത്താണ് പുറത്തിറങ്ങിയത്.
മനുഷ്യന്റെ ഭക്ഷണാവശ്യത്തിന്റെ വലിയൊരു ഭാഗം നിറവേറ്റുന്നത് കടലാണെന്നും അതുകൊണ്ട് കടലിനെ കൊല്ലരുതേ എന്നുമാണ് എ. എൻ.പി. സമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നത്.
സമുദ്രാന്തർഭാഗത്ത് നടത്തുന്ന ആണവ പരീക്ഷണങ്ങളും ലെഡ് കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച പെട്ടികളിൽ നിറച്ച് കടലിനടിയിൽ തള്ളുന്ന ആണവമാലിന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഭീകരമാണെന്നും വരും തലമുറയ്ക്ക് ദോഷകരമാണെന്നും കടലിനെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് തലശേരിയിൽ കുട്ടികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം നടത്തിയ പരാമർശം ശ്രദ്ധേയമാണ്. അറിവാണ് കടൽ, കടലിനെ അറിയാൻ ശ്രമിക്കുന്നതിലുടെ അവനവനെ തന്നെ അറിയാൻ കഴിയുമെന്നാണ് എ.എൻ.പി പറഞ്ഞത്.
എ.എൻ.പിയുടെ ആത്മകഥ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ചൂര്യായി ചന്ദ്രൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. പരിഭാഷ അവസാന അദ്ധ്യായത്തിലേക്ക് കടക്കുന്ന വേളയിലാണ് എ.എൻ.പി വിട പറഞ്ഞത്.