കാസർകോട്: കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോടു സഹകരിക്കാൻ താല്പര്യം കാണിച്ച ടാറ്റാ ഗ്രൂപ്പിനോടും ചെയർമാൻ രത്തൻ ടാറ്റയോടും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. ബിസിനസ് എതിക്സ് പുലർത്തുന്നതിൽ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെക്കിലിൽ ടാറ്റ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്താദ്യമായി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പ്രവർത്തനങ്ങൾ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാൻ തുടങ്ങിയതും രാജ്യം നിയമമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.ജി.എം ഗോപിനാഥ റെഡ്ഡി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന് താക്കോൽ കൈമാറി. കളക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, എം. രാജ ഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എന്നിവർ സംസാരിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് നന്ദിയും പറഞ്ഞു. എ. ഡി.എം എൻ ദേവീദാസ്,സബ് കളക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.