പാലക്കാട്: ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളാണ് അട്ടപ്പാടി, മുണ്ടൂർ, പുതുപ്പരിയാരം, വേനോലി, കൊട്ടേക്കാട്, മലമ്പുഴ, ആറങ്ങോട്ടുകുളമ്പ്, വടക്കഞ്ചേരി- മംഗലം ഡാം, മുതലമട, കൊല്ലങ്കോട് എന്നിവ. കാട്ടിലെ ആവാസ വ്യവസ്ഥയിലെ മാറ്റമാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം.
ജില്ലയിൽ സർക്കാർ കണക്കനുസരിച്ച് 2019- 2020 കാലകഘട്ടത്തിൽ കാട്ടാനകൾ വിള നശിപ്പിച്ചതിന് 117 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 9,45,997 രൂപ സർക്കാർ കർഷകർക്ക് ധനസഹായം നൽകി. ഈ കാലയളവിൽ ഏഴുപേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഈ വർഷം മാത്രം 38 പേർക്ക് സാരമായ പരിക്കേറ്റു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 21 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തു.
കർഷകർ പിന്തിരിയുന്നു
മലമ്പുഴ- വാളയാർ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രതിരോധമാർഗങ്ങളില്ലാതെ കർഷകർ ആശങ്കയിൽ. സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുപാടങ്ങളിൽ ഉൾപ്പെടെ കൃഷിയിറക്കിയ നൂറുകണക്കിന് കർഷകരാണ് ദുരിതത്തിലായത്.
കാട്ടാന ശല്യവും ഉല്പാദന ചെലവും വർദ്ധിച്ചതോടെ വാളയാർ മേഖലയിലെ കർഷകർ കൃഷിയുപേക്ഷിക്കുകയാണ്. പലരും പാടശേഖരങ്ങൾ ചെങ്കൽ ചൂളകൾക്കായി പാട്ടത്തിന് നൽകിയപ്പോൾ മറ്റുചിലർ ഭൂമി തരിശിട്ടു. കൂടാതെ കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് മാറിപ്പോകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
മലമ്പുഴയിൽ കാട്ടാനകളെ കാടുകയറ്റാൻ നേരത്തെ കുങ്കിയാനകളെ എത്തിച്ചിരുന്നു. കുങ്കിയാനകൾ സ്ഥലം വിട്ടതോടെ കാട്ടാനകൾ വീണ്ടും കാടിറങ്ങി. മരുത റോഡ്, പുതുശേരി, മലമ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം.
2018- 19 കാലയളവിലെ നഷ്ടകണക്ക്
വിളകൾ നശിപ്പിച്ചതിന് 294 കേസുകൾ, ഈ വകയിൽ കർഷകർക്ക് 16,23,646 രൂപ ധനസഹായം നൽകി
വീടും മറ്റ് സ്വത്തുക്കളും നഷ്ടമായതിന് 40 കേസുകൾ, 3,56,360 രൂപ നഷ്ടപരിഹാരം നൽകി
പത്തുപേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 40 ലക്ഷം രൂപയാണ് ധനസഹായം.