പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു
കല്ലേറിൽ ഡിവൈ.എസ്.പി ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് പരിക്ക്
കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. കല്ലേറിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, പൊലീസുകാരായ സുജിത്, രഞ്ജിത്ത്, ശിവപ്രസാദ്, ദിൽകിതോമസ്, നവീൻ, പ്രകാശൻ എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ അടക്കം ഏതാനും കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു. ഉദ്ഘാടന ചടങ്ങ് നടന്ന ഉടനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് നീക്കി മുന്നോട്ട് നീങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തതോടെയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ് ഉദ്ഘാടനം ചെയ്തത്.
സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ. ബാലകൃഷ്ണൻ പെരിയ, പി.കെ ഫൈസൽ, ബി.പി പ്രദീപ് കുമാർ, റിജിൽ മാക്കുറ്റി, സാജിദ് മൗവ്വൽ തുടങ്ങി 75 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.