നോർവേ: 80 വർഷങ്ങൾക്ക് മുമ്പ് മുങ്ങിപ്പോയ ജർമൻ യുദ്ധക്കപ്പൽ കടലിന്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ കണ്ടെത്തി.
രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ കാൾസ്രുവെ (karlsruhe)
ക്രൂയിസർ നോർവേ സമുദ്രനിരപ്പിൽ നിന്ന് 1600 അടി താഴെയാണ് ഗവേഷകർ കണ്ടെത്തിയത്. നോർവീജിയൻ സ്റ്റേറ്റ് പവർഗ്രിഡ് ഓപ്പറേറ്ററായ സ്റ്റാനെറ്റ് ആണ് കപ്പൽ പര്യവേഷണ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്.
571 അടി നീളമാണ് കപ്പലിനുള്ളത്. 1940ൽ യുദ്ധത്തിൽ പങ്കെടുത്തതിന്റെ ശേഷിപ്പുകളായി ജർമൻ പടയെ സൂചിപ്പിക്കുന്ന അടയാളങ്ങളും കപ്പലിലുണ്ട്.
യുദ്ധത്തിൽ ബ്രിട്ടീഷ് നാവിക സേനയുടെ ആക്രമണത്തിൽപ്പെട്ട കപ്പൽ ജർമൻ പടയാളികൾ തന്നെ കടലിൽ മുക്കുകയായിരുന്നുവെന്ന് സ്റ്റാനെറ്റ് പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഇതേ സ്ഥാനത്തുള്ളതായി സൂചനകൾ ലഭിച്ചത്. സമുദ്രാന്തർ കേബിളിന്റെ സമീപത്ത് പരിശോധന നടത്തുന്നതിനിടെ, 15 മീറ്റർ മാറി കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തി.
സീനിയർ പ്രൊജക്ട് എൻജിനിയറായ ഓലേ പീറ്ററിന്റെ നേതൃത്വത്തിലാണ് ആർ.ഒ.വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ), എക്കോ സൗണ്ടേർസ് തുടങ്ങിയ സങ്കേതിക വിദ്യകൾ ഉപയോഗിച്ച് സമുദ്രാന്തർ പര്യവേഷണം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്.