കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിനുള്ളിൽ നടക്കുമെന്ന് ഉറപ്പായതോടെ കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് പോരാട്ടം ചൂട് പിടിപ്പിക്കാനുള്ള ആലോചനയിലായി വിവിധ രാഷ്ടീയ കക്ഷികൾ .
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെ മരിച്ചവരെയും വീട് മാറിയവരെയും ഒഴിവാക്കാനും പേരുകളുടെ ഇരട്ടിപ്പ് നീക്കം ചെയ്യാനും ലിസ്റ്റിന് പുറത്തായവരെ ഉൾപ്പെടുത്താനും പുതിയ വോട്ടർമാരെ ചേർക്കാനുമുള്ള തിരക്കിലാണ് വിവിധ രാഷ്ടീയ പ്രവർത്തകർ.
എതിർ പാർട്ടി കള്ളവോട്ടർമാരെ ചേർത്തിട്ടുണ്ടെങ്കിൽ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് ആദ്യപടി. ഇതിനകം തങ്ങൾക്ക് സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എതിർ പാർട്ടിക്കാർക്ക് സ്ഥിരമായി വോട്ടു കിട്ടുന്ന കന്യാസ്ത്രീ മഠങ്ങളും ചില കോളനികളിലുമുള്ള വോട്ടർമാരെ ഒന്നടങ്കം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് പല സ്ഥലത്തും പ്രശ്നങ്ങളായിട്ടുണ്ട്. ഇതടക്കമുള്ള പരാതികളിലെ ഹിയറിംഗും അപ്ഡേഷനും 23ന് പൂർത്തിയാകും.
ബംഗാളികൾക്കും വോട്ട്
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് പരമാവധി വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനായി തിരിച്ചറിയൽ കാർഡുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള ശ്രമവും നടക്കുന്നു. കൊവിഡ് ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചു വന്നു തുടങ്ങി. മടക്ക ടിക്കറ്റ് വരെ സംഘടിപ്പിച്ചു കൊടുത്താണ് പാർട്ടികൾ ഇവരെ കൊണ്ടു വരുന്നത്.
ഇടതു പാർട്ടികൾ മുന്നിൽ
ബൂത്തുതല കമ്മിറ്റികൾ രൂപീകരിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിൽ ഇടതു പക്ഷ കക്ഷികളാണ് മുന്നിൽ. വീഡിയോ കോൺഫ്രറൻസ് വഴി കുടുംബയോഗങ്ങൾ നടത്താൻ പ്രമുഖ പാർട്ടികൾ ജില്ലാ ഓഫീസിൽ സ്റ്റുഡിയോ സജ്ജമാക്കി . കുടുംബയോഗങ്ങൾ ചേരുമ്പോൾ ടി.വി സ്ക്രീനിൽ ജില്ലാ നേതാക്കളുടെ പ്രസംഗവും പാർട്ടി നിലപാട് സംബന്ധിച്ച വിശദീകരണവും മറ്റും കാണാൻ കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. പൊതു യോഗങ്ങൾക്കുപകരം കുടുംബയോഗങ്ങൾക്കാണ് പ്രാധാന്യം നൽകുക.
വെളിച്ചക്കുറവ് പ്രശ്നമാകും
കൊവിഡുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കാരണം വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറോ തർക്കമോ ഉണ്ടായാൽ വോട്ടെടുപ്പ് നീളാനാണ് സാദ്ധ്യത. സ്കൂളുകളിൽ തയ്യാറാക്കുന്ന ബുത്തുകളിൽ വൈകുന്നേരമായാൽ തന്നെ വെളിച്ചക്കുറവാണ് . കാലാവസ്ഥ കൂടി മോശമായി വൈദ്യുതി തടസമുണ്ടായാൽ വെളിച്ചക്കുറവ് പ്രശ്നമാകും.
പരാതികളിലെ
ഹിയറിംഗും
അപ്ഡേഷനും
23ന്
പൂർത്തിയാകും
പഞ്ചായത്തുകളിൽ ഒരാൾ മൂന്ന് വോട്ട് ചെയ്യണം.
കൊവിഡ് തടയാൻ അകലത്തിൽ ക്യൂ നിൽക്കണം.
വോട്ടിംഗ് യന്ത്രം ഇടയ്ക്ക് അണുവിമുക്തമാക്കണം.
വോട്ടറുടെ കൈകളിൽ സാനിറ്റൈസർ പുരട്ടണം.