കോട്ടയം: കുടുംബശ്രീയുടെ ഓണം വിപണിയും കൊവിഡിന്റെ പാച്ചിലിൽ ഒലിച്ചുപോയി. കഴിഞ്ഞ വർഷത്തേതിന്റെ നാലിൽ ഒന്ന് കച്ചവടംപോലും നടക്കാതിരുന്നപ്പോൾ 16.3 കോടിരൂപയുടെ കുറവാണ് വരുമാനത്തിൽ ഇക്കുറിയുണ്ടായത്. രണ്ട് ജില്ലകളിൽ ഓണം ഫെയർ നടത്താനുമായില്ല.
മായമില്ലാത്ത വിഭവങ്ങളുമായി പ്രതീക്ഷയോടെയാണ് ഇക്കുറി കുടുംബശ്രീ പ്രവർത്തകർ ഓണം ഫെയർ നടത്തിയത്. ഒരു ഉത്പ്പന്നമെങ്കിലും വിപണിയിലെത്തിക്കണമെന്നായിരുന്നു അയൽക്കൂട്ടങ്ങൾക്ക് ലഭിച്ച നിർദേശം. അച്ചാറും ഉപ്പേരിയും പപ്പടവും തുടങ്ങി വിവിധ നാടൻ ഉത്പ്പന്നങ്ങൾ സംരംഭകർ ഫെയറിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. പ്രളയത്തിന് ശേഷം നടുനിവർത്തുമ്പോഴാണ് അപ്രതീക്ഷിതമായി കൊവിഡെത്തിയത്. ലോക്ക് ഡൗണിലുണ്ടായ വരുമാന നഷ്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും തകർന്നു.
കണ്ടെയ്ൻമെന്റ് സോണായതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓണം ഫെയർ സംഘടിപ്പിക്കാനുമായില്ല. കഴിഞ്ഞ തവണ 1016 ചന്തകൾ നടത്തിയപ്പോൾ ഇക്കുറിയത് 412 ആയി കുറഞ്ഞു.
കഴിഞ്ഞ തവണത്തെ വരുമാനം: 19.85 കോടിരൂപ
ഇക്കുറി വരുമാനം:3.55 കോടി രൂപ
കുറവ് 16.3 കോടി രൂപ
ഈ വർഷത്തെ വരുമാനം
തിരുവനന്തപുരം: 15.52 ലക്ഷം
കൊല്ലം: 14.46 ലക്ഷം
പത്തനംതിട്ട: 8.19 ലക്ഷം
ആലപ്പുഴ : 67.72 ലക്ഷം
കോട്ടയം: 34 ലക്ഷം
ഇടുക്കി: 16.83 ലക്ഷം
എറണാകുളം: 66.16 ലക്ഷം
തൃശൂർ : 77.75 ലക്ഷം
പാലക്കാട്: 14.50 ലക്ഷം
വയനാട് : 3.86 ലക്ഷം
കണ്ണൂർ :9.57 ലക്ഷം
കാസർകോട്: 25.81 ലക്ഷം
'' 2018ലെ പ്രളയത്തിലും തിരിച്ചടിയുണ്ടായിരുന്നു. കുടുംബശ്രീ സംരഭകരുടെ ഉത്പ്പന്നങ്ങൾ നിശ്ചിത നിരക്കിൽ കിറ്റുകളാക്കി എത്തിക്കുന്ന കരുതൽ ക്യാമ്പയിനിലൂടെ ഇപ്പോഴുണ്ടായ നഷ്ടം നികത്താനാവുമെന്നാണ് പ്രതീക്ഷ'' നിരഞ്ജന എൻ.എസ്, പ്രോഗ്രാം ഓഫീസർ കുടുംബശ്രീ മിഷൻ