കോലഞ്ചേരി: ഓണത്തിരക്ക് കഴിഞ്ഞപ്പോൾ ആരുമറിയാതെ കോഴിവില കുതിപ്പിലേയ്ക്ക്. ഇന്നലെ കിലോ വില 140 ലെത്തി. ഒറ്റയാഴ്ച കൊണ്ട് 40 രൂപ കൂടി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മെച്ചപ്പെടൽ.
ഓണത്തിന് വില കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങിനെ സംഭവിച്ചില്ല.
വരും ദിനങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്. ഫാമുകളിൽ വില കൂട്ടി വിൽക്കുന്നതും തമിഴ്നാട്ടിൽനിന്നുള്ള കോഴി വരുന്നത് കുറഞ്ഞതുമാണ് വിലകൂടാൻ കാരണം.
ലോക്ക് ഡൗണിന് ശേഷം മത്സ്യ, മാംസ മാർക്കറ്റുകൾ തുറന്നപ്പോൾ കോഴിയിറച്ചിക്കും പോത്തിറച്ചിക്കും വിലകൂടിയതാണ്. അധികൃതർ ഇടപെട്ടാണ് വില പിടിച്ചുനിർത്തിയത്.
115 രൂപ മുതലാണ് ഫാമുകളിൽനിന്ന് കച്ചവടക്കാർക്ക് കോഴി ലഭിക്കുന്നത്.
തക്കാളി വിലയും പിടിവിട്ട മട്ടാണ്. ഒരാഴ്ച കൊണ്ട് 45ൽ നിന്നും 60 ലേക്കെത്തി.
മുരിങ്ങക്കോലും തൊട്ടു പിന്നിലുണ്ട്. 30 ൽ നിന്നും 80 ആയി.