സുൽത്താൻ ബത്തേരി: വരൻ കേരളത്തിൽ. വധു തമിഴ്നാട്ടിലും. പുടവ കൈമാറിയത് രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വെച്ച്. കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ഇന്ന് നടക്കുന്ന വിവാഹത്തിന് വധുവിന് അണിയാനുള്ള കല്യാണ പുടവ തലേന്ന് അതിർത്തിയിൽ വെച്ച് വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് കൈമാറിയത്.
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. തമിഴ്നാട്ടിൽപോയി വരുന്നവർക്ക് ക്വാറൈന്റയിനിൽ പ്രവേശിക്കേണ്ടിയും വരും. അതിനാലാണ് പുടവ കൈമാറൽ ചടങ്ങ് അതിർത്തിയിൽ വെച്ചാക്കിയത്.
ഇന്നലെ വൈകുന്നേരം നാല് മണിക്ക് കേരള, തമിഴ്നാട് അതിർത്തിയായ താളൂരിൽ വച്ചായിരുന്നു പുടവ കൈമാറ്റം. വരന്റെ വീട്ടുകാർ വധുവിന് അണിയാനുള്ള പുടവ വിവാഹ തലേന്ന് കല്ല്യാണ പെണ്ണിന്റെ വീട്ടിലെത്തിച്ചുനൽകുന്ന ചടങ്ങാണ് ലളിതമായി നടുറോഡിൽ നടന്നത്.
ചീരാൽ പഴൂർ വയങ്കരകുഴിയിൽ കൃഷ്ണന്റെയും അജിതയുടെയും മകൻ ജിഷ്ണുവാണ് വരൻ. വധു നീലഗിരി കൊന്നച്ചാൽ കിഴക്കെക്കര കെ.വി.അനിലിന്റെയും അമ്പിളിയുടെയും മകൾ അഞ്ജുവും തമ്മിലുള്ള വിവാഹത്തിന്റെ പുടവ കൈമാറൽ ചടങ്ങാണ് കൊവിഡ് എന്ന മഹാമാരികാരണം നടുറോഡിൽ നടന്നത്.
ജിഷ്ണുവിന്റെ സഹോദരീ ഭർത്താവ് സനൽ, അഞ്ജുവിന്റെ പിതാവ് അനിലിന് താളൂർ ചെക്ക്പോസ്റ്റിൽ വെച്ച് പുടവ കൈമാറി.
കല്ല്യാണ തലേന്ന് വരന്റെസഹോദരിമാരും ബന്ധുക്കളും ആഘോഷമായി പോയി വധുവിന് പുടവ നൽകാറാണ് പതിവ്. ഇവരുടെ വിവാഹം ഇന്ന് ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ വെച്ച് നടക്കും.
ഫോട്ടോ
0057-വരന്റെ സഹോദരി ഭർത്താവ് വധുവിന് അണിയാനുള്ള കല്ല്യാണപുടവ വധുവിന്റെ അച്ഛന് അതിർത്തിയിൽ വെച്ച് കൈമാറുന്നു.