നവംബർ വരെ 8.15ശതമാനം
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ വരുമാനം കുറയുന്നതിനാൽ ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് ഈ സാമ്പത്തിക വർഷം തീരുമാനിച്ച 8.5 ശതമാനം പലിശ രണ്ടു ഗഡുവായി നൽകാൻ കേന്ദ്ര ട്രസ്റ്റിബോർഡ് യോഗം തീരുമാനിച്ചു. നവംബർ വരെ 8.15 % പലിശയും ബാക്കി 0.35 % ഡിസംബറിലും നൽകും.
കൊവിഡ് മൂലം വരുമാനത്തിൽ 2500 കോടി കുറയുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 8.65 ശതമാനമായിരുന്ന പലിശ ഇക്കൊല്ലം 8.50 ശതമാനമായി കുറച്ചത് തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 1977-78ൽ എട്ടു ശതമാനം പലിശ നൽകിയതിന് ശേഷം ഇ.പി.എഫ്.കുറഞ്ഞ പലിശ നൽകുന്നത് ഇപ്പോഴാണ്.
പെൻഷൻ നിയമ
ഭേദഗതി പരിഗണിച്ചില്ല
പുതിയ അംഗങ്ങൾക്ക് കൂടുതൽ ശമ്പളവിഹിതം അടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ് പെൻഷൻ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശം ട്രസ്റ്റിബോർഡിലെ തൊഴിലാളി പ്രതിനിധികളുടെ എതിർപ്പു മൂലം പരിഗണിച്ചില്ല. നിലവിലുള്ള അംഗങ്ങൾക്ക് പരമാവധി ശമ്പളം 15,000 രൂപയായി കണക്കാക്കുന്നത് തുടരാനും പുതിയ അംഗങ്ങൾക്ക് നിയമഭേദഗതിയിലൂടെ മറ്റൊരു പദ്ധതി നടപ്പാക്കാനുമാണ് ആലോചന. വിഷയം അടുത്ത യോഗത്തിൽ വീണ്ടും വരും. പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് പദ്ധതിയുടെ പരിധി ആറു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷമായി ഉയർത്താനുള്ള ശുപാർശയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.