പത്തനംതിട്ട: വീടുകൾ വൃന്ദാവനമാക്കി ഇന്ന് ജന്മാഷ്ടമി ആഘോഷിക്കും. ശോഭായാത്രകൾ ഒഴിവാക്കി 'വീടൊരുക്കാം. വീണ്ടെടുക്കാം, വിശ്വശാന്തി നേടാം' എന്ന സന്ദേശം നൽകി ഹൈന്ദവ ഭവനങ്ങളിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. വീടുകളിൽ ഒരുക്കിയിരിക്കുന്ന കൃഷ്ണകൂടീരത്തിന് മുമ്പിൽ രാവിലെ ഏഴിന് പൂക്കളമൊരുക്കി ആഘോഷങ്ങൾക്ക് തുടക്കമാകും. ഉച്ചക്ക് 12 മുതൽ കൃഷ്ണനൂട്ട്. വൈകിട്ട് 4 മുതൽ കുട്ടികൾ കൃഷ്ണ, രാധ വേഷങ്ങളണിഞ്ഞ് വീട്ടുമുറ്റങ്ങളിൽ ഉറിയടി, ഉൗഞ്ഞാലാട്ടം തുടങ്ങിയ ആഘോഷങ്ങൾ നടത്തും. 5.30മുതൽ കൃഷ്ണകുടീരത്തിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കൽ, ഗോകുല ഗീതാലാപനം, ഭജനസങ്കീർത്തനം, ജന്മാഷ്ടമി ദീപക്കാഴ്ച എന്നിവ നടക്കും. തുടർന്ന് മംഗളാരതിയും ശാന്തി മന്ത്രവും പ്രസാദ വിതരണവും നടത്തുമെന്ന് ബാലഗോകുലം ജില്ലാ പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയം, ജില്ലാ കാര്യദർശി ആർ.ശരവൺ, സംഘടനാ കാര്യദർശി ശ്രീജിത്ത് പുത്തൻപീടിക എന്നിവർ അറിയിച്ചു.