SignIn
Kerala Kaumudi Online
Friday, 05 March 2021 10.11 AM IST

ലഹരി പൂക്കും കേരളം; ഉന്മാദത്തിന്റെ ഉറവിടം തേടി

drug-girl

ലഹരിക്കടത്തിന്റെ ഉള്ളറകൾ തേടുന്ന പരമ്പര

കോഴിക്കോട് വെസ്റ്റ്ഹിൽ ഭാഗത്തെ റോഡിൽ,​ കുറച്ചുനാൾ മുമ്പത്തെ ഒരു രാത്രി. കാറിനു മുന്നിലേക്ക് ഉറയ്ക്കാത്ത ചുവടുകളോടെ വന്നു വീണ പെൺകുട്ടിയുടെ മുഖം തിരിച്ചറിഞ്ഞ് അദ്ധ്യാപിക ഞെട്ടി! പ്ളസ് ടു ക്ളാസിൽ തന്റെ വിദ്യാർത്ഥിനിയാണ് ഉന്മാദിനിയെപ്പോലെ അർദ്ധരാത്രിയിൽ റോ‌ഡരികിൽ നിന്ന് കാറിനു മുന്നിലേക്ക് കാൽതെറ്റി വീണത്!

പാതി അബോധത്തിലായിരുന്ന പതിനേഴുകാരിയെ വീട്ടിലെത്തിക്കുമ്പോഴും അച്ഛനമ്മമാർ അറിഞ്ഞിരുന്നില്ല,​ മകളെ കാണാതായ വിവരം. ഒരു വർഷത്തോളമായി സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചിരുന്നെങ്കിലും ലഹരിയുടെ നീരാളിക്കൈകളിലെ ഇരയായി മകൾ മാറിയെന്നത് അവർക്കു സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ ദുരന്തമായിരുന്നു.

പൊടി രൂപത്തിലുള്ള ലഹരിമരുന്നാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മരുന്നു കിട്ടാതെ ഉറക്കംവരാഞ്ഞ്, രാത്രി ലഹരിവില്പനക്കാരനെ തിരഞ്ഞിറങ്ങിയതായിരുന്നു അവൾ. നഗരത്തിലെ ഒരു കോളേജ് മൈതാനത്ത് ബൈക്കിൽ എത്തിയിരുന്നയാളാണ് മരുന്ന് നൽകിയിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. ചികിത്സയും കൗൺസലിംഗുമായി കുട്ടിയുടെ പഠനം മുടങ്ങി. കേസ് എങ്ങുമെത്തിയില്ല. പെൺകുട്ടികളെ വട്ടമിട്ടു പറക്കുന്ന ലഹരിക്കഴുകന്മാരുടെ ചിറകുകൾ എവിടേയ്ക്കെല്ലാം നീളുന്നുവെന്ന അന്വേഷണവും മുന്നോട്ടു പോയില്ല.

കേരളത്തിൽ കഞ്ചാവ് മുതൽ ഏറ്റവും പുതിയ കുത്തിവയ്പു ലഹരിമരുന്നുകൾ വരെ ഇടയ്ക്കിടെ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഉറവിടം തേടിയുള്ള യാത്രകൾ അതിർത്തി കടന്ന് അധികദൂരമെത്തില്ല. ഉന്നത സ്വാധീനത്തിന്റെയും രാഷ്ട്രീയ ബന്ധങ്ങളുടെയും കനത്ത കാവൽക്കൈകളുണ്ട്,​ ലഹരി മാഫിയയെ സംരക്ഷിക്കാൻ! ലഹരിക്ക് അടിമകളായ പെൺകുട്ടികൾ ഉൾപ്പെടെ ഇരകളുടെ ജീവിതം ആശുപത്രികളിലോ ആത്മഹ്യയിലോ അവസാനിക്കുകയും ചെയ്യും.

ബീറ്റ്സ് പെർ മിനിട്ട് എന്ന ലഹരിലോകം

കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന ഡോൺ ആണ് പഞ്ചാബുകാരൻ രാജുഭായ്. യഥാർത്ഥ പേര് എക്സൈസിനും അറിയില്ല. ഒന്നറിയാം: രാജുഭായിയുടെ കൈമറിഞ്ഞേ കേരളത്തിലേക്ക് കഞ്ചാവെത്തൂ. ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം പിടിച്ച 500 കിലോ കഞ്ചാവ് കയറ്രിയയച്ചതും രാജുഭായ് തന്നെ. സ്വന്തമായുള്ളത് ഇരുപതിലധികം കണ്ടെയ്‌നർ ലോറികൾ.

പഞ്ചാബിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് ആന്ധ്രയിലേക്കു മാറിയ രാജുഭായിക്ക് ലഹരിക്കടത്തിന് മൈസൂരിൽ മലയാളികളടങ്ങിയ സംഘമുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലകളിലാണ് കൃഷി. സംരക്ഷണം നൽകുന്ന മാവോയിസ്റ്റുകൾക്ക് പ്രതിഫലം ലക്ഷങ്ങൾ. പഞ്ചാബ്, ഡൽഹി, മുംബയ് എന്നിവിടങ്ങളിലും രാജുഭായി ബ്രാൻഡ് കഞ്ചാവിന് ഡിമാൻഡ് കൂടും. കാരണം,​ അതാണ് ക്വാളിറ്റി!

ആന്ധ്രയും, തെലങ്കാന രൂപീകരണത്തിനു ശേഷം അവിടവും കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലേക്കുള്ള കഞ്ചാവ് ബിസിനസ്. തെലങ്കാന ലഹരിക്കടത്തിന്റെ തലസ്ഥാനമായി കത്തിനിന്ന കാലത്ത്,​ രണ്ടു വർഷം മുമ്പു വരെ ഗച്ചിബൗളിയിൽ കൂറ്റൻ മതിൽക്കെട്ടിനു മുകളിലെ ബോർഡിൽ തിളങ്ങി നിന്നിരുന്ന മൂന്ന് അക്ഷരങ്ങളുണ്ട്: ബി.പി.എം! ഒരു ലഹരിവേട്ടയിൽ ആ അക്ഷരങ്ങളുടെ രഹസ്യം അഴിഞ്ഞുവീണു: 'ബീറ്റ്സ് പെർ മിനിട്ട്.' തെന്നിന്ത്യൻ സിനിമയെ പിടിച്ചുകുലുക്കിയ ലഹരിയുടെ ഉന്മാദ റിസോർട്ടായിരുന്നു അക്കാലത്ത് ബി.പി.എം. മയക്കുമരുന്നുമായി അറസ്റ്റിലായ കാൽവിൻ മസ്‌കറാനാസ് എന്നയാളുടെ മൊബൈലിൽ നിന്നു ലഭിച്ച സൂചനകൾക്കു പിന്നാലെ ചെന്ന അന്വേഷണമാണ് നവ്ദീവ് എന്ന നടന്റെ ഉടമസ്ഥതയിലായിരുന്ന പബ്ബിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വരെ എത്തിയത്.

(ലഹരിവലയിൽ കുടുങ്ങിയ ഉന്നതരുടെ മക്കളുടെ കഥ നാളെ എഡിറ്റോറിയൽ പേജിൽ തുടർന്നു വായിക്കുക)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LEHARI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.