ആറ്റിങ്ങൽ: വള്ളവും വലയും വാങ്ങിയ കടം വീട്ടാനും കൊവിഡ് പെരുവഴിയിലാക്കിയ ജീവിതം വീണ്ടെടുക്കാനും കടലിലേക്ക് പോയവരുടെ ജീവനാണ് ഇന്നലെ തിരയെടുത്തത്. ആറംഗ സംഘത്തിലെ അഞ്ചുതെങ്ങ് കടയിൽ പുരയിടത്തിൽ അലക്സ് (45), മാടൻ വിളാകത്തിൽ തങ്കച്ചൻ (52), മാടൻ വിളാകത്ത് പ്രവീൺ എന്ന അഗസ്റ്റിൻ (33) എന്നിവരാണ് മരിച്ചത്. കടമെടുത്ത് വള്ളവും വലയും വാങ്ങിയപ്പോഴാണ് കൊവിഡ് അലക്സിനെ ദുരിതത്തിലാക്കിയത്. ഇതോടെ പലിശപോലും അടയ്ക്കാനാവാത്ത സ്ഥിതിയായി. മത്സ്യബന്ധനം പുനരാരംഭിച്ചതോടെ പ്രതീക്ഷയുമായി കടലിലേക്ക് പോയെങ്കിലും കാത്തിരുന്നത് വൻദുരന്തമായിരുന്നു. ഇന്നലെ രാവിലെ 6.30ഓടെയാണ് ഇവർ കടലിലേക്ക് പോയത്. 12.30 ആയിട്ടും മീനൊന്നും കിട്ടിയില്ല. കടൽ പ്രക്ഷുബ്ദമായതോടെ ഇവർ തിരികെ പോകാൻ തീരുമാനിച്ചു. തീരത്തെത്താൻ 50 മീറ്റർ മാത്രമുള്ളപ്പോഴാണ് വലിയ തിരമാല വള്ളം തകർത്തത്. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും രാജുവും ബിനുവും സ്റ്റീഫനും മാത്രമാണ് രക്ഷപ്പെട്ടത്. ഇവർ പറഞ്ഞാണ് മറ്റ് മത്സ്യത്തൊഴിലാളികൾ വിവരമറിഞ്ഞത്. ഇവർ അപകടസ്ഥലത്തെത്തി അലക്സ്, തങ്കച്ചൻ, അഗസ്റ്റിൻ എന്നിവരെ ആശുപത്രിലെത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അലക്സിന്റെ ബോട്ട് പൂർണമായും തകർന്നു, വലയും നഷ്ടപ്പെട്ടു. മരിച്ച തങ്കച്ചനും കുടുംബവും ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്.
ഭീഷണിയായി തിരക്കുഴി
കടൽക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പ്രധാന കടമ്പ തിരക്കുഴിയാണ്. കടൽത്തീരത്തുനിന്നും 50-60 മീറ്റർ അകലെയായി തിര രൂപപ്പെട്ടുവരുന്ന മേഖലയാണ് തിരക്കുഴി. ഒരേസമയം നിരവധി തിരകൾ ഒന്നിനുപിറകെ ഒന്നായി അടിച്ചുയർന്ന് വരുമ്പോൾ ഇവിടെയെത്തുന്ന വള്ളത്തെ നിയന്ത്രിച്ചുനിറുത്താൻ മത്സ്യത്തൊഴിലാളികൾക്ക് സാധിക്കില്ല. ഈ മേഖലയിലാണ് ഇന്നലെ അഞ്ചുതെങ്ങിലും അപകടമുണ്ടായത്.
ഹാർബറിലും അപകട ഭീഷണി
അടുത്തിടെ ഉദ്ഘാടനം നടത്തിയ മുതലപ്പൊഴി ഹാർബർ വഴി കടലിലേക്ക് പോകാനോ തിരികെ വരാനോ പറ്റാത്തവിധം അപകട ഭീഷണിയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലും കായലും ചേർന്നുവരുന്ന ഭാഗത്തുകൂടി വള്ളമിറക്കിയാൽ അപകടം ഉറപ്പാണ്. ഇന്നലെയും ഇവിടെ മൂന്നു വള്ളങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു
കോസ്റ്റൽ പൊലീസിന് ബോട്ടില്ല
കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ ചുമതലയുള്ള കോസ്റ്റൽ പൊലീസിന് ബോട്ടില്ല.
ആകെയുണ്ടായിരുന്ന ഒരു ബോട്ട് കേടായിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. അടുത്തിടെ നാവികസേനയുടെ ബോട്ട് ഇവർക്ക് പകരം നൽകിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഇതേക്കുറിച്ച് നേരത്തെ കേരളകൗമുദി വാർത്ത നൽകിയിരുന്നു.