ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാരുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ച കങ്കണയുടെ സിനിമയിൽ നിന്ന് പിന്മാറി ഛായാഗ്രാഹകൻ പി.സി ശ്രീറാം.
'കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നു. എനിക്ക് ആഴത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും നിർമാതാളോട് എന്റെ നിലപാട് വിശദീകരിക്കുകയും അവർക്ക് അത് മനസിലാവുകയും ചെയ്തു. അവർക്ക് എല്ലാ ആശംസകളും നേരുന്നു.' പി.സി ശ്രീറാം ട്വീറ്റ് ചെയ്തു.
''താങ്കളെ പോലുള്ള മഹാനൊപ്പം ജോലിചെയ്യാനുള്ള അവസരം നഷ്ടമായതിൽ ഖേദിക്കുന്നു. എന്നാൽ താങ്കളുടെ തീരുമാനത്തിൽ സന്തോഷമുണ്ട്."-കങ്കണ പ്രതികരിച്ചു.
അതേസമയം നടിയ്ക്ക് നേരെ നടക്കുന്നത് ക്രൂരതയാണെന്നും ബിഹാറിലെയും ഉത്തരേന്ത്യയിലെയും ജനങ്ങൾ കങ്കണയ്ക്കൊപ്പം നിൽക്കണമെന്നും അഭ്യർത്ഥിച്ച് എൽ.ജെ.പി. അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്തെത്തി. ഹിമാചൽ മുഖ്യമന്ത്രി ജയ്രാം ഠാക്കൂറും കെട്ടിടം പൊളിച്ച നടപടിയിൽ പ്രതിഷേധിച്ചു.