പയ്യന്നൂർ: മൂരിക്കൊവ്വൽ ശ്രീനാരായണ വിദ്യാലയത്തിന് സമീപത്തെ സജിത് ലാൽ സ്മാരക മന്ദിരത്തിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മൂരിക്കൊവ്വലിലെ വി.അഖിൽ (25), സുരഭി നഗറിലെ എം.ടി. അക്ഷയ് (23)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിൽ ലഭിച്ച സൂചനയെ തുടർന്ന് വിരലടയാളങ്ങൾ ശേഖരിക്കുകയും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധനകളും നടത്തിയിരുന്നു.
കഴിഞ്ഞ ഏഴിന് പുലർച്ചെയാണ് സ്മാരക മന്ദിരത്തിന്റെ വാതിൽ തകർത്ത അക്രമികൾ മന്ദിരത്തിനകത്തുണ്ടായിരുന്ന ഫർണിച്ചറുകളുൾപ്പെടെ അടിച്ച് തകർക്കുകയും കരിഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തത്. മന്ദിരത്തിന് മുന്നിലെ മതിലും സ്മാരക സ്തൂപവും പൂർണമായും തകർത്തിരുന്നു. കഴിഞ്ഞ 30ന് രാത്രിയിൽ മന്ദിരത്തിന് മുന്നിലെ സജിത് ലാലിന്റെ സ്മാരക സ്തൂപത്തിന് നേരെ അക്രമമുണ്ടായിരുന്നു.