ന്യൂഡൽഹി: മറാത്ത വിഭാഗത്തിന് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി. ഇപ്പോൾ ജോലിക്കോ കോളേജ് പ്രവേശനത്തിനോ മറാത്ത സംവരണം അനുവദിക്കാനാവില്ലെന്നും സംവരണത്തിന്റെ സാധുത പരിശോധിക്കാൻ വിഷയം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ വിശാല ബെഞ്ചിലേക്ക് അയച്ചതായും സുപ്രീം കോടതി അറിയിച്ചു.
ഈ വർഷം മറാത്ത ക്വാട്ടയിൽ പ്രവേശനം നിറുത്തിവച്ചെങ്കിലും, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അറിയിച്ചു.
മറാത്ത ക്വാട്ട കൂടി അനുവദിക്കുകയാണെങ്കിൽ മൊത്തം സംവരണം സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം പരിധി കവിയുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് വിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാത്ത വിഭാഗത്തിലുള്ളവർക്ക് 16 ശതമാനം സംവരണം അനുവദിക്കുന്ന നിയമം മഹാരാഷ്ട്ര പാസാക്കിയിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത ബോംബെ ഹൈക്കോടതി ശരിവക്കുകയും ചെയ്തിരുന്നു.
എന്നാൽ മൊത്തം സംവരണം 50 ശതമാനത്തിൽ അധികം ആകുമെന്നതിനാൽ, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷന്റെ ശുപാർശപ്രകാരമുള്ള 12, 13 ശതമാനമായി ചുരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജൂലായ് ഒന്നിന് മഹാരാഷ്ട്ര നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറാത്ത സംവരണത്തെ 16 ശതമാനത്തിൽ നിന്ന് 12 ശതമാനവും സർക്കാർ ജോലികളിൽ 13 ശതമാനവുമാക്കി കുറക്കുന്ന ബിൽ പാസാക്കി. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലായിൽ ഹർജികൾ സമർപ്പിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി അത് തള്ളി.