മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്ക് (28) ജാമ്യമില്ല. ഈ മാസം 22 വരെ റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി എന്ന് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ച നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ റിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻ.സി.ബി റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തി.
കഴിഞ്ഞ രാത്രി എൻ.സി.ബി ഓഫിസിൽ കഴിഞ്ഞ റിയയെ ഇന്നലെ രാവിലെയാണ് ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റിയത്. അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക്, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ എന്നിവരുടെ കസ്റ്റഡി കാലാവധി മുംബയ് സെഷൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായും ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും റിയ സമ്മതിച്ചതായാണു വിവരം. ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതിൽ ആത്മഹത്യാപ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.
സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ലഹരി ഉപയോഗവും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല.
റിയയെ പിന്തുണച്ച് താരങ്ങൾ
ബോളിവുഡ് താരങ്ങളായ വിദ്യ ബാലൻ, അനുരാഗ് കശ്യപ്, കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ തുടങ്ങിയവർ റിയയ്ക്ക് പിന്തുണയുമായെത്തി. എൻ.സി.ബി ഓഫീസിൽ ചോദ്യംചെയ്യലിന് റിയ കഴിഞ്ഞ ദിവസം ഹാജരായപ്പോൾ ധരിച്ചിരുന്ന ടി ഷർട്ടിലെ വാക്യങ്ങളെ ഉദ്ധരിച്ചാണ് പിന്തുണ. റോസുകൾ ചുവപ്പാണ്, വയലറ്റുകൾ നീലയും, പുരുഷാധിപത്യത്തെ നമുക്കൊന്നിച്ച് തകർക്കാം'', എന്നാണ് ടി ഷർട്ടിൽ എഴുതിയിരുന്ന വാക്യങ്ങൾ.
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമാപ്രവർത്തകർ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകരുതെന്നും വിമർശകർ പറയുന്നു. അതേസമയം സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും റിയയ്ക്ക് നീതി ലഭിക്കണമെന്നും മറ്റൊരു വിഭാഗം പറയുന്നു.