ന്യൂഡൽഹി: എൻ.ഡി.എ സ്ഥാനാർത്ഥിയായ ജെ.ഡി.യു എം.പി ഹരിവംശ് വീണ്ടും രാജ്യസഭാ ഉപാദ്ധ്യക്ഷനായേക്കും. മൺസൂൺ സമ്മേളനം ആരംഭിക്കുന്ന 14ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ഹരിവംശ് ഇന്നലെ നാമനിർദ്ദേശ പത്രിക നൽകി.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് രാജ്യസഭയിൽ 113 സീറ്റുകൾ മാത്രമാണുള്ളതെങ്കിലും വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ഹരിവംശിനെ ജയിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ ഹരിവംശിന് തുടർച്ചയായ രണ്ടാം വട്ടവും ഉപാദ്ധ്യക്ഷനാകാം. 14ന് സഭയിൽ ഹാജരാകാൻ ബി.ജെ.പി പാർട്ടി എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
2018ലാണ് ഹരിവംശ് രാജ്യസഭാ ഉപാദ്ധ്യക്ഷനായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു.