തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹാ ഫസലിനും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, പൊലീസിനെയും പിണറായി സർക്കാരിനെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇരുവർക്കും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ച ബേബി, രാഷ്ട്രീയപ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിന് സി.പി.എം എതിരാണെന്നും വ്യക്തമാക്കി.
സി.പി.എം നിലപാടിന് എതിരായാണ് സംസ്ഥാന ആഭ്യന്തരവകുപ്പും പൊലീസും രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതും യു.എ.പി.എ ചുമത്തിയതുമെന്ന് പറയാതെ പറയുകയാണ് ഇതിലൂടെ എം.എ. ബേബി.
'വിദ്യാർത്ഥികളായിരുന്ന ഇവർ ഇരുവരുടെയും പേരിൽ പൊലീസും എൻ.ഐ.എയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽപ്രവർത്തനം നടത്തിയതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സി.പി.എം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടതാണ്'- ബേബി പോസ്റ്റിൽ കുറിച്ചു.