തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയ നാലേകാൽ കോടിയുടെ കോഴയിടപാട് മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും, വിജിലൻസ് അന്വേഷണത്തിന് സി.പി.എം നേതൃത്വം പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടും സർക്കാരിന് അനക്കമില്ല.
യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ ഇരുപത് കോടിയിൽ നാലേകാൽ കോടിയാണ് സ്വർണക്കടത്ത് പ്രതി സ്വപ്നാസുരേഷിന്റെ നേതൃത്വത്തിൽ അടിച്ചു മാറ്റിയത്.സർക്കാരിന്റെ ലൈഫ് മിഷനുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ മറവിലാണ് ഇത്ര വലിയ കോഴയിടപാടുണ്ടായത്.
കോഴ നൽകിയതും സ്വീകരിച്ചതുമെല്ലാം സ്വകാര്യ വ്യക്തികളായതിനാൽ , അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ആവശ്യമില്ല. കമ്മിഷൻ നൽകിയെന്ന് സമ്മതിച്ച യൂണിടെക് നിർമ്മാണ കമ്പനിയുടമയ്ക്കെതിരെ കേസെടുത്ത് വിജിലൻസിന് അന്വേഷണം തുടങ്ങാവുന്നതേയുള്ളൂ.
റെഡ്ക്രസന്റ് നൽകിയ 3.2 കോടിയുടെ ആദ്യഗഡു അപ്പാടെ സ്വപ്നയും കൂട്ടരും അടിച്ചെടുത്തെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയത്. കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഈ തുക നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴി. രണ്ടാം ഗഡുവിൽ നിന്നാണ് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ മാറ്റിയത്.. സ്വപ്നയ്ക്കും സരിത്തിനും ശിവശങ്കറിനുമൊപ്പം കോൺസുലേറ്റിലെ ഉന്നതരും കമ്മിഷൻ തട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്.
കോഴയായി തട്ടിയെടുത്ത തുക ലൈഫ് പദ്ധതിയിൽ106 വീടുകൾ വയ്ക്കാനുള്ള പണമാണ്. യു.എ.ഇ കോൺസുൽ ജനറലിന്റെ പേരിലുണ്ടാക്കിയ നിർമ്മാണക്കരാറും സംശയത്തിലാണ്. യു.എ.ഇ നിയമപ്രകാരം പ്രവർത്തിക്കുന്ന കോൺസുൽ ജനറലിന് ഇന്ത്യയിൽ കരാർ നൽകാനോ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിർമ്മിക്കാനോ കഴിയില്ലെന്നിരിക്കെയാണ് ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് യൂണിടാക്കുമായി കരാറുണ്ടാക്കിയത്.
റെഡ്ക്രസന്റുമായുള്ള ഇടപാടിൽ സർക്കാർ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നൽകേണ്ടത് കോൺസുലേറ്റാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, രേഖകൾ പ്രകാരം വടക്കാഞ്ചേരിയിലേത് സ്വതന്ത്ര പദ്ധതിയല്ല. സർക്കാരുമായി ചേർന്നുള്ളതാണ്. ഭൂമിയും കെട്ടിടപെർമിറ്റും സർക്കാരിന്റേതാണ്. ഡിസൈനും നിർമ്മാണക്കരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്. ദുരൂഹ ഇടപാടുകളെക്കുറിച്ച് കേന്ദ്രസർക്കാർ ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.