തിരുവനന്തപുരം: വികസനപ്രവർത്തനങ്ങളെയും മാറ്റങ്ങളെയും എതിർക്കുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിൽ എങ്ങനെ വ്യവസായങ്ങളുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവനയിൽ ചോദിച്ചു. കേന്ദ്രസർക്കാർ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ (2018- 19) കേരളം 28ാം സ്ഥാനത്തായതിൽ അദ്ഭുതമില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2015- 16ൽ പതിനെട്ടാം റാങ്കായിരുന്നു. ഇടതു സർക്കാർ അധികാരമേറ്റ 2016- 17ൽ റാങ്ക് 20ലേക്ക് താഴ്ന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും പിറകിലായി. ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യു.പിയും തെലങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത ഇവർക്കെങ്ങനെ ഇവിടെ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും?. കെ.എസ്.ഐ.ഡി.സിയിൽ അഞ്ചുവർഷത്തിനിടയിൽ 5 എംഡിമാരെത്തി. ഇതിനിടയിലാണ് ഹർത്താൽ, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. ഗെയിൽ പൈപ്പ് ലൈൻ, എക്സ്പ്രസ് ഹൈവെ, സ്മാർട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനെയും എതിർക്കുന്നവരെ ആരു വിശ്വസിക്കും?