തിരുവനന്തപുരം: സംസ്ഥാനത്തെ എൻ.എഫ്.എസ്.ഐ ഗോഡൗണുകളിൽ 2,878 ടൺ ധാന്യം കേടായതിനെക്കുറിച്ച് കേന്ദ്ര ഭക്ഷ്യവകുപ്പ് സംസ്ഥാന സർക്കാരിൽ നിന്നു വിശദീകരണം തേടും. സൗജന്യ വിതരണത്തിന് സംസ്ഥാന സർക്കാരിന് അനുവദിച്ച അരി വിനിയോഗിച്ചതിന്റെ റിപ്പോർട്ടും ഇതോടൊപ്പം ആവശ്യപ്പെടും.
ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെക്കുറിച്ച് 'കേരളകൗമുദി'യിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഭക്ഷ്യവകുപ്പ് ആഗസ്റ്റിൽ എഫ്.സി.ഐയോട് വിശദീകരണം തേടിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടപ്പോഴൊക്കെ പുതിയ സ്റ്റോക്കിലെ ധാന്യമാണ് കൈമാറിയതെന്നും അത് സുരക്ഷിതമായി സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നുമാണ് എഫ്.സി.ഐ അധികൃതർ അറിയിച്ചത്.
അരി കേടായതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതിയുടെ റിപ്പോർട്ട് അന്നു പുറത്തുവന്നിരുന്നില്ല. പിന്നീട് റിപ്പോർട്ട് പുറത്തുവരികയും കേടായി എന്ന് കണ്ടെത്തിയ ധാന്യത്തിൽ 1563 ടൺ വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണെന്ന് സമിതി റിപ്പോർട്ടു നൽകുകയും ചെയ്തതോടെയാണ് കേന്ദ്രം വിശദീകരണം തേടാൻ തീരുമാനിച്ചത്.
സാങ്കേതിക സമിതി നൽകിയ റിപ്പോർട്ടിൽ എൻ.എഫ്.എസ്.ഐ ഡിപ്പോ ഉദ്യോഗസ്ഥർക്കെതിരെയോ ജീവനക്കാർക്കെതിരെയോ പരാമർശങ്ങളൊന്നും ഇല്ലാത്തതിനാൽ അവരുടെ പങ്ക് കണ്ടെത്താൻ സംസ്ഥാന ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രം അന്വേഷിക്കുന്നത്
1. റേഷൻ ധാന്യം കരിഞ്ചന്തയിൽ എത്തുന്നുണ്ടോ
2.റേഷൻ സൂക്ഷിക്കുന്നതിന് ഗോഡൗണുകൾ ആവശ്യത്തിനുണ്ടോ
3.കൃത്യമായ പരിശോധന നടത്തിയാണോ ധാന്യ വിതരണം
4.വാതിൽപ്പടി വിതരണത്തിൽ ക്രമക്കേട് നടക്കുന്നുണ്ടോ