മുംബയ്: നടി കങ്കണ റണൗട്ടും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെ എൻ.സി.പി നേതാവ് ശരത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ഓഫീസ് പൊളിക്കാനുള്ള നീക്കം നടത്തിയത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പരത്തിയെന്നും നടിക്ക് അനാവശ്യ പ്രചാരണം നൽകിയെന്നും പവാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറയെയുമായും സഞ്ജയ് റാവത്തടക്കമുള്ള ശിവസേന നേതാക്കളുമായും പവാർ ചർച്ചനടത്തിയത്.
'നിയമവിരുദ്ധ നിർമ്മാണങ്ങൾ മുംബയിൽ ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇപ്പോഴുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതിനെതിരെ പ്രവർത്തിക്കുന്നത് ചോദ്യങ്ങൾക്ക് ഇടയാക്കുന്നു. എന്നാൽ, ബി.എം.സിക്ക് അവരുടേതായ കാരണങ്ങളും നിയമങ്ങളുമുണ്ട്, അവർ അതനുസരിച്ച് പ്രവർത്തിച്ചു.'- പവാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.