SignIn
Kerala Kaumudi Online
Wednesday, 03 March 2021 9.35 PM IST

വീണ്ടും നിക്ഷേപ തട്ടിപ്പുകൾ

editorial-

നിക്ഷേപത്തട്ടിപ്പ് മലയാളികൾക്ക് ഒട്ടും തന്നെ അപരിചിതമല്ല. എന്നിട്ടും ഇടയ്ക്കിടെ വലിയ തട്ടിപ്പുകൾക്ക് അറിഞ്ഞുകൊണ്ടു തലവച്ചുകൊടുക്കുന്നതിലും മലയാളികൾ മുന്നിൽത്തന്നെ. സംസ്ഥാനത്തും പുറത്തും നിരവധി ശാഖകളോടെ പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനം അടച്ചുപൂട്ടി ഉടമകൾ ഒളിവിൽ പോയത് ഈയടുത്ത നാളിലാണ്. നിക്ഷേപകരെ കണ്ണീരിലാഴ്‌ത്തി കടന്നവരെ പിന്നീട് പൊലീസ് പിടികൂടിയെന്നതു ശരിതന്നെ. കേസും കൂട്ടവുമൊക്കെയായി അത് അങ്ങനെ നീണ്ടുപോയെന്നു വരാം. സ്ഥാപനം പൂട്ടി ഒളിവിൽ പോകുന്നതിനു മുൻപ് ഉടമകൾ കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരിലുള്ള വസ്തുവകകൾ വിറ്റു കിട്ടുന്ന തുക നിക്ഷേപകർക്ക് വീതിച്ചു നൽകാനുള്ള 'ഉദാര മനസ്കത" പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനി നടത്തിപ്പുകാർ നല്ലപിള്ള ചമയാൻ ശ്രമം നടത്തിയത്. മാനേജിംഗ് ഡയറക്ടർ കുടുംബസമേതം വിദേശത്തേക്കു കടക്കാൻ ശ്രമം നടത്താതിരുന്നതില്ല. പൊലീസിന്റെ സമയോചിതമായ നീക്കമുണ്ടായതിനാൽ അതു നടന്നില്ലെന്നേയുള്ളൂ. സ്ഥാപനങ്ങളിലും ഉടമകളുടെ വസതികളിലും മറ്റും റെയ്‌ഡുകൾ ഇപ്പോഴും തുടരുകയാണ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇതുപോലുള്ള ധനസ്ഥാപനങ്ങൾ ഇടപാടുകാരെ വലയിലാക്കുന്നത്. പോപ്പുലർ ഫിനാൻസും ആ വഴി തന്നെയാണു സ്വീകരിച്ചത്. ആളുകളിൽ നിന്നു സ്വീകരിച്ച കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിൽ നല്ലൊരു പങ്ക് വിദേശത്തേക്കു കടത്തിയെന്നാണു ആരോപണം. പൊലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ വേണം ഇതെല്ലാം കണ്ടെത്താൻ. ആയിരത്തിനും രണ്ടായിരത്തിനും കോടി രൂപയ്ക്കിടയിലാണ് നിക്ഷേപകരുടെ നഷ്ടം എന്നാണു കേൾക്കുന്നത്. ഇതിന്റെ സത്യം അറിയണമെങ്കിൽ അന്വേഷണം പൂർത്തിയാകും വരെ കാത്തിരിക്കേണ്ടിവരും.

പോപ്പുലർ ഫിനാൻസിന്റെ വമ്പൻ തട്ടിപ്പ് പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കാസർകോട്ടെ ജുവലറി മറയാക്കി നടന്ന മറ്റൊരു നിക്ഷേപത്തട്ടിപ്പിന്റെ കഥ അറിയുന്നത്. മഞ്ചേശ്വരം എം.എൽ.എ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറിയ്ക്കുവേണ്ടി ബന്ധുക്കളിൽ നിന്നും അടുത്ത പരിചയക്കാരിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ചെങ്കിലും സ്ഥാപനങ്ങൾ പിന്നീട് അടച്ചുപൂട്ടി നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണു കേസ്. എം.എൽ.എയുടെയും കൂട്ടാളിയുടെയും വസതികളിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്‌ഡ് നടത്തി ഒട്ടനവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പണം മാത്രമല്ല പലരും തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വർണവും നിക്ഷേപമായി നൽകിയിരുന്നു. എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 130 കോടിയോളം രൂപയാണ് സ്ഥാപനം നിക്ഷേപമായി സ്വീകരിച്ചതെന്നാണു വിവരം. നിക്ഷേപം സ്വീകരിച്ചതായി കാണിക്കുന്ന മുദ്രപ്പത്രരേഖ മാത്രമേ നിക്ഷേപകരുടെ പക്കലുള്ളൂ. ലാഭവിഹിതമോ പലിശയോ മാത്രമല്ല മുതൽ പോലും തിരിച്ചുകിട്ടാതായപ്പോഴാണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് ഇതിനകം ഒരു ഡസനോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനധികൃതവും നിയമവിരുദ്ധവുമായി നിക്ഷേപം സ്വീകരിച്ചതിനും വഞ്ചനയ്ക്കുമൊക്കെ കേസെടുത്തിട്ടുണ്ട്. രണ്ടും മൂന്നും ലക്ഷത്തിന്റെ ചെറിയ നിക്ഷേപം തൊട്ട് കോടികൾ വരെ നിക്ഷേപിച്ചവർ ഉണ്ട്. ശാഖകൾ അടച്ചുപൂട്ടിയതോടെയാണ് നിക്ഷേപകരിൽ ആശങ്ക ജനിച്ചത്. പണവും പണ്ടവും നിക്ഷേപമായി നൽകിയവർ അതു തിരിയെ ചോദിക്കാൻ തുടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്. ബാങ്ക് പലിശയിൽ നിന്ന് ഏറെ ഉയർന്ന പലിശയിൽ ആകൃഷ്ടരായാണ് പോപ്പുലറിലെ നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം അടിയറവച്ചതെങ്കിൽ അടുത്ത ബന്ധു ഒരിക്കലും ചതിക്കുകയില്ലെന്ന കറതീർന്ന വിശ്വാസമാണ് ജുവലറി നിക്ഷേപകരെ ചതിക്കുഴിയിലാക്കിയത്. ഇതുപോലുള്ള ധന സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൗശലപൂർവം ഒരുക്കുന്ന ചതി മുൻകൂട്ടി മനസിലാക്കാൻ പലർക്കും കഴിയാറില്ല. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമ്പോഴാണ് ചതി പറ്റിയെന്നു ബോദ്ധ്യമാവുക. എത്ര ദുരനുഭവങ്ങളുണ്ടായാലും ആളുകൾ പഠിക്കുകയില്ലെന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം നിക്ഷേപത്തട്ടിപ്പുകൾ. പതിറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയതാണ് ഇതുപോലുള്ള വഞ്ചനയും തട്ടിപ്പും. കുറിക്കമ്പനികളും ആട്, മാഞ്ചിയം, തേക്ക്, തോട്ടം തട്ടിപ്പുമൊക്കെ കഴിഞ്ഞപ്പോഴാണ് പണമിടപാടു സ്ഥാപനങ്ങളുടെ ആഘോഷപൂർവമായ വരവ്. പാവപ്പെട്ടവരുൾപ്പെടെ ഒട്ടനവധി പേരുടെ സകല സമ്പാദ്യവും സമാഹരിച്ച് മുങ്ങിയ എത്രയോ സ്ഥാപനങ്ങൾ ഉണ്ട്. ഉടമകളും അവരുടെ ചാർച്ചക്കാരും നന്നായതല്ലാതെ നിക്ഷേപകരിൽ ആർക്കും ഒരു ഗുണവും ഉണ്ടായില്ല. ഉദാഹരണങ്ങൾ പച്ചയോടെ മുന്നിലുണ്ടായിട്ടും പിന്നെയും പിന്നെയും നിക്ഷേപത്തട്ടിപ്പുകാർ രംഗത്തുവരുന്നുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. അവയിൽ നിക്ഷേപം നടത്താൻ ആളുകളുമുണ്ട്.

സാധാരണക്കാരുൾപ്പെടെ ഒട്ടേറെപ്പേരെ തട്ടിപ്പുകമ്പനികളിലേക്ക് എത്തിക്കുന്നതിൽ സർക്കാരിനും ബാങ്കുകൾക്കും വലിയ പങ്കുണ്ടെന്ന വസ്തുത മറന്നുകൂടാ. ബാങ്കുകൾ നിക്ഷേപ പലിശ ഗണ്യമായി വെട്ടിക്കുറച്ചത് തട്ടിപ്പുകമ്പനികൾക്ക് വളരാനുള്ള നല്ല അവസരം സൃഷ്ടിച്ചിട്ടുണ്ട്. ബാങ്കുകൾ നൽകുന്നതിനെക്കാൾ നാലും അഞ്ചും ശതമാനം കൂടുതൽ പലിശ നൽകുന്നവരെ തേടി ആളുകൾ പോകുന്നത് സ്വാഭാവികമാണ്. ഉള്ളതെല്ലാം നിക്ഷേപമായി ഇട്ട് അതിന്റെ പലിശ കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട്. ബാങ്കുകൾ നിക്ഷേപ പലിശ ആറും ഏഴും ശതമാനമായി കുറച്ചതോടെ വരുമാനക്കുറവുമൂലം കഷ്ടത്തിലായവർ അനവധിയാണ്. അവരിൽ കുറെപ്പേരെങ്കിലും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെ ഉയർന്ന പലിശ മോഹിച്ച് ചതിക്കുഴിയിൽ വീഴാറുണ്ട്. പ്രവാസികളിൽ നിന്നുള്ള നിക്ഷേപത്തിന് പത്തു ശതമാനം പലിശ നൽകുന്ന ബോണ്ട് പുറപ്പെടുവിച്ച സംസ്ഥാന സർക്കാർ അതേ ആനുകൂല്യം നാട്ടുകാർക്ക് നൽകാൻ തയ്യാറല്ല. അതുപോലെ റിസർവ് ബാങ്കിൽ നിന്ന് ഉയർന്ന പലിശയ്ക്ക് സർക്കാർ വായ്പ എടുക്കും. അതേ പലിശ നൽകിയാൽ നാട്ടുകാരിൽ നിന്ന് എത്ര കോടി വേണമെങ്കിലും സമാഹരിക്കാം. എന്നാൽ ഇതിനൊന്നും കേന്ദ്ര ബാങ്കിന്റെയോ കേന്ദ്ര സർക്കാരിന്റെയോ അനുമതി ഇല്ല. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മേൽ കർക്കശ നിയന്ത്രണങ്ങളുണ്ടെന്നാണു വയ്പ്. അതിനിടയിലും നാട്ടുകാരെ കബളിപ്പിച്ച് സമ്പന്നരാകുന്നവർക്ക് കുറവൊന്നുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.