കൊച്ചി: ഓണക്കാലത്തെ അന്യസംസ്ഥാന ഓട്ടം വെറുതെയായില്ല. കൊച്ചിയിടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നും നടത്തിയ സ്പെഷ്യൽ ആനവണ്ടി സർവീസ് കെ.എസ്.ആർ.സിക്ക് ഭേദപ്പെട്ട വരുമാനം സമ്മാനിച്ചു. കഴിഞ്ഞ 25 നാണ് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചത്. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കായിരുന്നു ബസുകൾ സർവീസ് നടത്തിയത്. ബാംഗ്ലൂർ സർവീസുകളിലാണ് കൂടുതൽ ആളുണ്ടായിരുന്നത്. പ്രതിദിനം 65000 രൂപ മുതൽ 72000 രൂപ വരെയായിരുന്നു ഓരോ ബസുകളുടേയും വരുമാനം.അതേസമയം
കൊവിഡ് വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്ന് നിർത്തിവച്ച അന്യസംസ്ഥാന സർവീസുകൾ പുനരാരംഭിച്ചത് മലയാളികൾക്കും ആശ്വാസമായി.
കൊച്ചി ഡിപ്പോയിൽ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തിയിരുന്നെങ്കിലും യാത്രാക്കാരുടെ എണ്ണം പരിഗണിച്ചാണ് ഓടിയിരുന്നത്. അതിനാൽ ഓൺലൈൻ ബുക്കിംഗുകളുടെ അടിസ്ഥാനത്തിൽ 1,2,6 തീയതികളിലായിരുന്നു ചെന്നൈ സർവീസുകൾ. ഇത് പരിഗണിച്ചാൽ കൊച്ചിയിൽ നിന്ന് പ്രതിദിനം 82000 രൂപ മുതൽ 92000രൂപ വരെയായിരുന്നു വരുമാനം.എറണാകുളം ഡിപ്പോയിൽ നിന്നും ഒരോ ബസു വീതമാണ് കോർപ്പറേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം ബംഗളൂരുവിലേക്ക് മാത്രം പ്രതിദിന സർവീസുണ്ടായിരുന്നു.
കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സർവീസെല്ലാം.ബംഗളൂരുവിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് പ്രധാനമായും അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങിയെത്തുക വെല്ലുവിളിയായിരുന്നു. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതരെന്ന് ഉറപ്പു വരുത്തുന്നവർക്ക് മാത്രമായിരുന്നു യാത്ര അനുവദിച്ചിരുന്നത്.
സർവീസ് ഗുണം ചെയ്തു
ലോക്ക് ഡൗണിനെ തുടർന്ന് അന്യനാട്ടുകളിൽപ്പെട്ടു പോയ നിരവധി പേർക്കാണ് സർവീസുകൾ ഗുണം ചെയ്തത്. 14 വരെ സർവീസുകൾ നീട്ടിയതിനാൽ കൂടതൽ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ.
വി.എം. താജുദീൻ
ഡി.ടി.ഒ.
എറണാകുളം