കൊച്ചി: കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇടപെട്ടില്ല. ഇടക്കാല ഉത്തരവിനെതിരെ കേരളബാങ്കും സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ അപ്പീലുകളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. സ്റ്റേ നീക്കണമെന്ന ആവശ്യം അനുവദിച്ചില്ലെങ്കിലും കക്ഷികളുടെ ആവശ്യപ്രകാരം സിംഗിൾബെഞ്ചിലെ ഹർജികൾ സമയബന്ധിതമായി തീർപ്പാക്കാൻ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
കേരളബാങ്കിന്റെ രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരക്കിട്ട് തിരഞ്ഞെടുപ്പു നടത്തരുതെന്നുമാവശ്യപ്പെട്ട് കോഴിക്കോട് കുറവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യമുൾപ്പെടെ നൽകിയ ഹർജികളിൽ ആഗസ്റ്റ് 27 നാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. സെപ്തംബർ 25ന് തിരഞ്ഞെടുപ്പു നടത്താനായിരുന്നു നീക്കം.