കൊച്ചി: ഫണം വിരിച്ചാടുന്ന രാജവെമ്പാലയെ വരുതിയിലാക്കാൻ മോഹമുണ്ടോ? ഉണ്ടെങ്കിൽ ചാക്കുമെടുത്ത് പുറപ്പെടുംമുമ്പേ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.അതിനുള്ള മാർഗം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.ജനവാസമേഖലയിൽ നിന്ന് പാമ്പ് ഉൾപ്പെടെയുള്ള ഉരഗജീവികളെ പിടികൂടി അവയുടെ യഥാർത്ഥ ആവാസവ്യവസ്ഥയിൽ കൊണ്ടുപോയി വിടുന്നതിനുള്ള വിദഗ്ധ പരിശീലനമാണ് വനംവകുപ്പ് നൽകുന്നത്. എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരും പാമ്പുപിടുത്തത്തിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവരും ഈമാസം 20ന് മുമ്പായി അപേക്ഷിക്കണം. പൂർണമായ വ്യക്തിഗത വിവരങ്ങൾ സഹിതം തയ്യാറാക്കിയ അപേക്ഷ, അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പള്ളി പി.ഒ, എറണാകുളം - 682024 എന്നവിലാസത്തിലോ acf.sf-ekm.for@ kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലൊ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0484 2344761