കൊച്ചി : പീഡനക്കേസുകളിൽ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന രേഖകളിൽ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങളുണ്ടെങ്കിൽ ആ രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും അവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്നും ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.
പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം നൽകിയതിനെതിരെ ഇരയുടെ അമ്മ നൽകിയ ഹർജി തള്ളിയ വിധിയോടൊപ്പമുള്ള പ്രത്യേക ഉത്തരവിലാണ് നിർദ്ദേശം. ഇരയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും നൽകി.
നിർദേശങ്ങൾ
ഇരയുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുടെ വിവരങ്ങൾ, ഇര പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, ജോലി ചെയ്യുന്ന സ്ഥലം തുടങ്ങിയവ ഇരയെ തിരിച്ചറിയുന്ന വിവരങ്ങളിൽ ഉൾപ്പെടും.
ഇരയ്ക്കു വേണ്ടിയും അല്ലാതെയും ഹൈക്കോടതിയിൽ സമർപ്പിക്കുന്ന രേഖകളിൽ ഇത്തരം വിവരമുണ്ടെങ്കിൽ മുദ്രവച്ച കവറിൽ സമർപ്പിക്കണം.
ഇൗ മുദ്രവച്ച കവറുകൾ സൂക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ രജിസ്ട്രി ചുമതലപ്പെടുത്തണം.
രേഖകൾ സൂക്ഷിക്കാൻ സൗകര്യങ്ങളും നൽകണം.
മുദ്രവച്ച കവർ കോടതി തുറന്നാൽ വീണ്ടും മുദ്രപതിച്ചു സൂക്ഷിക്കണം.
കക്ഷികളുടെ അഭിഭാഷകർക്ക് കോടതിയുടെ അനുമതിയോടെ ഇൗ രേഖകൾ പരിശോധിക്കാം.