വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ബുധനാഴ്ച പരിശോധനയില്ല
ആലപ്പുഴ: വണ്ടാനത്തെ മെഡി. ആശുപത്രിയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.ഐ.വി) ബുധനാഴ്ചകളിൽ കൊവിഡ് നിർണ്ണയം വേണ്ടെന്ന സർക്കാർ നിലപാട് വിനയാവുന്നു. ഇവിടെ പ്രതിദിനം 1800 സാമ്പിളുകൾ പരിശോധിക്കാമെങ്കിലും പരമാവധി 1500 വരെയാണ് പരിശോധിക്കുന്നത്. ഇന്നലെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ സ്രവം നൽകാൻ എത്തിയവരെ ഇന്നത്തേക്ക് പറഞ്ഞുവിട്ടു. സമ്പർക്ക വ്യാപന സാദ്ധ്യത കൂടുമ്പോഴും ആഴ്ചയിൽ ഒരുദിവസം സാമ്പിൾ സ്വീകരിക്കാത്തത് ആശങ്ക പരത്തുന്നു.
സർക്കാർ ആശുപത്രികളിൽ നിന്ന് ആലപ്പുഴ എൻ.ഐ.വിയിൽ രക്ത സാമ്പിളുകൾ ലഭിച്ചാൽ അടുത്ത ദിവസം ഫലം ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്. രണ്ടുതരത്തിലാണ് പരിശോധനകൾ. സാധാരണ ആർ.ടി.പി.സി.ആർ സംവിധാനത്തിലും ട്ര്യൂനാറ്റ് സംവിധാനത്തിലുമാണ് പരിശോധന. ആദ്യത്തേതിന് മിനിമം നാലുമണിക്കൂർ വേണ്ടിവരും. രണ്ടാമത്തെ പരിശോധനയുടെ ഫലം ഒരുമണിക്കൂറിനുള്ളിൽ ലഭിക്കും. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് അടിയന്തരഘട്ടത്തിൽ മാത്രം ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്.
നവീകരണം വൈകുന്നു
അസൗകര്യങ്ങളുടെ നടുവിലാണ് ദേശീയ വൈറോളജി ലാബ് പ്രവർത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ സൗകര്യങ്ങൾ വൈകുകയാണ്. ഇതിനായി 10 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. ബി ബ്ളോക്കിലെ രണ്ടാം നിലയിൽ ഇടുങ്ങിയ മുറിയിലാണ് വൈറോളജി ലാബ് പ്രവർത്തിക്കുന്നത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു സമാനമായ പരിശോധനാ കേന്ദ്രത്തിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കേന്ദ്രം അനുവദിച്ച 20.11 കോടി ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചു. മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള 5 ഏക്കർ സ്ഥലത്ത് 2016 ജൂൺ 15ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതുവരെ പൂർത്തിയായിട്ടില്ല.
................................
ആലപ്പുഴ എൻ.ഐ.വിയിൽ ബുധനാഴ്ച രക്തസാമ്പിൾ സ്വീകരിക്കേണ്ട എന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഈ മാനദണ്ഡം അനുസരിച്ച് സർക്കാർ ആശുപത്രികളിലും രക്തസാമ്പിൾ സ്വീകരിക്കുന്നത്
ഡോ. എൽ. അനിതകുമാരി, ഡി.എം.ഒ, ആലപ്പുഴ