എവിടെയും ബസ് നിറുത്തും
ആലപ്പുഴ: യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് സുരക്ഷിതമായി ഇറങ്ങാനും കൈകാട്ടുന്ന സ്ഥലത്തു നിന്ന് കയറാനുമായി കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയുടെ അൺലിമിറ്റഡ്സ്റ്റോപ്പ് ഓർഡിനറി സർവീസുകൾ ആരംഭിക്കുന്നു.
അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നു പത്തനംതിട്ട തിരുവല്ലയിലേക്ക് അൺലിമിറ്റഡ് ഓർഡിനറി സർവീസുകൾ തിങ്കളാഴ്ച തുടങ്ങും. ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. യാത്രക്കാർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്ത് നിന്നും കയറാനും ഇറങ്ങാനും സൗകര്യമുണ്ട്. സ്റ്റോപ്പുകൾ ബാധകമല്ല. ഡിപ്പോയിൽ ബസ് എത്തിച്ചേരുന്നതിന് നിശ്ചിത സമയമില്ല. സ്റ്റോപ്പുകൾക്ക് പുറമേ വിവിധയിടങ്ങളിൽ നിറുത്തേണ്ടി വരുന്നതിനാലാണിത്. കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സോണലിൽ ഉൾപ്പെടുന്ന ഡിപ്പോകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അൺ ലിമിറ്റഡ്സ്റ്റോപ്പ് സർവീസ് ആരംഭിക്കുന്നത്. വിജയകരമെന്ന് കണ്ടാൽ മറ്റ് സോണുകളിലേക്കും വ്യാപിപ്പിക്കും. എടത്വ ഡിപ്പോയിൽ ഒരു ബസാണ് പരീക്ഷണ സർവീസ് നടത്തുന്നത്.
................................
കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള പദ്ധതിയാണ്. യാത്രക്കാർക്ക് എവിടെ നിന്നും കൈ കാട്ടി ബസിൽ കയറാം. എവിടെയും ഇറങ്ങാം
കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോ അധികൃതർ