ആലപ്പുഴ: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ വരവ് കുറഞ്ഞതും വേലിയേറ്റം ശക്തമായതും മൂലം പൊഴിമുഖം അടഞ്ഞുകൊണ്ടിരിക്കുകയാണ്.
ജലനിരപ്പ് ഉയരുന്നത് രണ്ടാംകൃഷി ഇറക്കിയ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ഇരുതാലൂക്കുകളിലായുള്ള പ്രധാന നീരൊഴുക്ക് നദികളിൽ ഒന്നര അടിയാണ് ജലനിരപ്പ് ഉയർന്നത്. മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം കുട്ടനാട്ടിലെ കർഷകരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ മാസം ഉപ്പുവെള്ളം കയറിയതുമൂലം തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ പത്തെണ്ണം ഉയർത്താൻ ഇന്നലെ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ നിർദ്ദേശം നൽകി. കിഴക്കൻ വെള്ളം ദേശീയ ജലപാതവഴി കായംകുളം കായലിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നത് ആശ്വാസകരമാണ്. തൃക്കുന്നപ്പുഴയിലെ രണ്ട് ലോക്ക് ഗേജുകളിൽ ഒന്ന് അടഞ്ഞുകിടക്കുന്നതിനാൽ ഇതുവഴിയുള്ള നീരൊഴുക്കിന് തടസമുള്ളതും ജലനിരപ്പ് ഉയരാൻ കാരണമായി.
തൃക്കുന്നപ്പുഴയിൽ നിലവിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒരു ലോക്ക്ഗേജ് അടച്ചത്. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം ലീഡിംഗ്ചാനൽ വഴിയുള്ള നീരൊഴുക്ക് ശക്തമാകാത്തതാണ്. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റർ ആഴം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ മേയിൽ ആരംഭിച്ചെങ്കിലും വിവാദങ്ങളെത്തുടർന്ന് നിറുത്തുകയായിരുന്നു.
റവന്യു സെക്രട്ടറി സന്ദർശിച്ചു
ഇന്നലെ രാവിലെ ഏഴുമണിയോടെ റവന്യു സെക്രട്ടറി ഡോ. ജയതിലക്, കളക്ടർ എ. അലക്സാണ്ടർ, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, മറ്റ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പൊഴിമുഖത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളിലെ വേലിയേറ്റത്തിൽ പൊഴിമുഖം മണൽ വീണ് അടഞ്ഞിരുന്നു. അടഞ്ഞു കിടന്ന പൊഴിമുഖത്തുകൂടി നടന്ന് കടൽത്തിട്ടവരെ പോയ ശേഷമാണ് റവന്യു സെക്രട്ടറി മടങ്ങിയത്. ...............................
ലീഡിംഗ് ചാനലിൽ ജലനിരപ്പ് ഉയർന്നാൽ പൊഴി വീണ്ടും തുറക്കാൻ ഇറിഗേഷൻ വകുപ്പ് സജ്ജമാണ്. ഇതിനായി പൊഴിമുഖത്ത് നാലു ഡ്രഡ്ജജറുകൾ സജ്ജമാക്കി
അരുൺ ജേക്കബ്, എക്സിക്യുട്ടീവ് എൻജിനീയർ, ഇറിഗേഷൻ