കടയ്ക്കാവൂർ: അഞ്ചുതെങ്ങ് തീരത്ത് നിന്ന് മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് മാടൻവിള വീട്ടിൽ അഗസ്റ്റിൻ സെൽവരാജ് (34), പുത്തൻമണ്ണ വീട്ടിൽ തങ്കച്ചൻ(52), കടയിൽപുര വീട്ടിൽ അലക്സ് (48) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിനു, രാജു, സ്റ്റീഫൻ എന്നിവർ നീന്തി രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ ആറോടെ അഞ്ചുതെങ്ങ് മുസ്ളിം പള്ളിക്ക് സമീപത്ത് നിന്ന് പുറപ്പെട്ട ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വലയിട്ടപ്പോൾ കടൽക്ഷോഭം രൂക്ഷമായി. തുടർന്ന് ഉച്ചയ്ക്ക് 12.30ന് ഇവർ കരയിലേക്ക് മടങ്ങി. തീരത്തു നിന്ന് ഏകദേശം 50 മീറ്റർ അകലെയെത്തിയപ്പോൾ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയും വള്ളത്തിലുണ്ടായിരുന്നവർ കടലിൽ വീഴുകയുമായിരുന്നു.
വള്ളം മറിഞ്ഞു കിടക്കുന്നത് കണ്ട മറ്റു മത്സ്യത്തൊഴിലാളികൾ അവിടേക്ക് നീന്തിയെത്താൻ ശ്രമിച്ചെങ്കിലും കടൽക്ഷോഭം കാരണം കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇവർ വള്ളമിറക്കി തിരക്കുഴിയിലെത്തിയപ്പോഴേക്കും കടലിൽ വീണ മൂന്നുപേരും അവശനിലയിലായിരുന്നു. ഉടൻ ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചു. മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റി. ഷേർളിയാണ് തങ്കച്ചന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്. അലക്സിന്റെ ഭാര്യ ജെനറ്റ്. ഇവർക്കും മൂന്ന് മക്കളുണ്ട്. അഗസ്റ്റിൻ സെൽവരാജ് അവിവാഹിതനാണ്.