കൽപറ്റ: ഉത്പാദനക്കുറവുമൂലം തനതു നെല്ലിനങ്ങളുടെ കൃഷിയിൽനിന്ന് പരമ്പരാഗത കർഷകർ അകലുന്നതിന് പരിഹാരം കാണാൻ പങ്കാളിത്താധിഷ്ഠിത പരീക്ഷണ കൃഷിയുമായി ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ. പാരമ്പര്യ നെല്ലിനങ്ങളുടെ ഉത്പാദന വർധനവ് ഉറപ്പുവരുത്തുന്ന കൃഷിമുറ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഒരു വർഷം മുമ്പു തുടങ്ങിയ പരീക്ഷണകൃഷിയുടെ രണ്ടാം ഘട്ടം കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലൻചിറയിൽ കെ.എൻ.അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ളതിൽ 60 സെന്റിൽ പുരോഗതിയിലാണെന്ന് ഗവേഷണനിലയത്തിലെ അഗ്രികൾച്ചറൽ സയന്റിസ്റ്റ് ഡോ.ഷെല്ലി മേരി കോശി, ഡവലപ്മെന്റ് അസോസിയേറ്റ് പി.വിപിൻദാസ് എന്നിവർ പറഞ്ഞു.
തൊണ്ടി,അടുക്കൻ,വെളിയൻ,ചോമാല,ചെന്താടി,ജീരകശാല,ഗന്ധകശാല,മുള്ളൻകയ്മ,കല്ലടിയാരൻ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.
വരൾച്ചയെയും രോഗകീട ബാധയെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വയനാടിന്റെ തനതു നെല്ലിനങ്ങൾ. എന്നാൽ ഉത്പാദനക്ഷമതയിൽ മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ് പരമ്പരാഗത ഇനങ്ങൾ.
പാരമ്പര്യ നെൽക്കൃഷിക്കാരുടെ അറിവും കാർഷിക ശാസ്ത്ര വിജ്ഞാനവും സംയോജിപ്പിച്ചാണ് പരീക്ഷണം. ഇതിനായി തെരഞ്ഞെടുത്ത പാടത്തു ഒറ്റഞാർ കൃഷിയാണ് നടത്തുന്നത്. 1012 ദിവസം പ്രായമുള്ള ഞാർ 2530 സെന്റീ മീറ്റർ അകലം പാലിച്ചാണ് നടുന്നത്.ചാണകം, വെർമി കംപോസ്റ്റ്,അസോസ്പൈറില്ലം,ഫോസ്ഫോസോലുസിലൈസിംഗ് ബാക്ടീരിയ,കടലപ്പിണ്ണാക്ക് എന്നിവ ഉപയോഗിച്ചുള്ള വളസംയുക്തങ്ങളാണ് റാൻഡമൈസ്ഡ് ബ്ലോക്ക് ഡിസൈൻ രീതിയിലുള്ള കൃഷിക്ക് ഉപയോഗിക്കുന്നത്.
മൂന്നു വർഷം നീളുന്ന പരീക്ഷണം അവസാനിക്കുമ്പോൾ ഓരോ നെല്ലിനത്തിനും യോജിച്ച കൃഷിരീതി വികസിപ്പിച്ച് പരമ്പരാഗത കർഷകരിലേക്കു വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.ഷെല്ലി മേരിയും വിപിൻദാസും പറഞ്ഞു.