തൃശൂർ: ''നല്ലോണം റേഞ്ച് കിട്ടീരുന്നെങ്കിൽ...'' കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലിരുന്ന് വീഡിയോകോളിൽ വേദങ്ങളുടെ ഉരുക്കഴിക്കുന്ന ആചാര്യന്മാരുടെയും പഠിക്കുന്ന ശിഷ്യരുടെയും പ്രാർത്ഥന കലർന്ന ആഗ്രഹമാണിത്. ആദിശങ്കരൻ സ്ഥാപിച്ച തൃശൂരിലെ ബ്രഹ്മസ്വം മഠത്തിൽ നാൽപതോളം വിദ്യാർത്ഥികളാണ് മൊബൈലിൽ വേദം അഭ്യസിക്കുന്നത്. പഠിപ്പിക്കുന്നത് ഏഴ് അദ്ധ്യാപകരും. മഠത്തിന്റെ ചരിത്രത്തിലാദ്യം. അതെ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗുരുകുലസമ്പ്രദായത്തെയും കൊവിഡ് പിടികൂടി.
ഗുരുകുല പഠനത്തിന് ബദലാകില്ലെന്ന് അറിയാമെങ്കിലും ഇതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഗുരുക്കന്മാർ പറയുന്നു. പഠനത്തോടൊപ്പം ദിനചര്യകളും മറ്റ് ആചരണങ്ങളും പ്രധാനമാണ്. വേദം ഉരുവിടുമ്പോഴുള്ള കൈകളുടെയും തലയുടെയുമെല്ലാം ചലനങ്ങളും ശ്രദ്ധിക്കണം. മക്കളെ എന്നതുപോലെ സ്നേഹവും കരുതലും നൽകിയാണ് കുട്ടികളെ മഠത്തിൽ വളർത്തുന്നതും. ആ വൈകാരിക അടുപ്പവും ജീവിത സമ്പ്രദായങ്ങളുമെല്ലാം കൊവിഡിൽ നഷ്ടപ്പെടുന്നല്ലോ എന്ന ഖേദമാണ് അവർക്കുള്ളത്.
7, 8 വയസിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് സംസ്ഥാന സ്കൂൾ സിലബസിലുള്ള അദ്ധ്യയനവും ഉണ്ടാകും. ഫീസ് വാങ്ങാതെ നിശ്ചിത വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. പഠനം പൂർത്തിയാക്കുന്നവർക്ക് താന്ത്രിക, പൂജാകർമ്മങ്ങൾക്കുള്ള അറിവും കഴിവുമുണ്ടാകും. ഏഴാം ക്ലാസ് മുതൽ സ്കൂളിൽ ചേർന്ന് പഠിക്കാം. മുൻ മുഖ്യമന്ത്രി ഇ.എം.എസ് അടക്കമുളളവർ ഇവിടെ പഠിതാക്കളായിരുന്നു.
ഗുരുകുലപഠനം ഇങ്ങനെ:
*പഠിക്കുന്നത് ഋഗ്വേദം, യജുർവേദം
*സ്കൂൾ പാഠഭാഗങ്ങൾക്ക് വേറെ അദ്ധ്യാപകർ
*11 വയസ് വരെ താമസിച്ച് പഠനം പൂർത്തിയാക്കണം.
*രണ്ടുമാസം കൂടുമ്പോൾ നാല് ദിവസം വീടുകളിൽ താമസിക്കാം
*അഞ്ചിന് ഉണർന്നാൽ പ്രാർത്ഥന, പ്രഭാതവന്ദനം
*പഠനം തുടങ്ങുന്നത് രാവിലെ എട്ടിന്
*പത്ത് മിനിറ്റ് ഇടവേളകൾ, 12ന് ഉച്ചഭക്ഷണം.
*ഉച്ചയ്ക്ക് ശേഷം അരമണിക്കൂർ വീതം സ്കൂൾ സിലബസ്.
..............................
''നാലുവർഷത്തെ സംഹിതാ കോഴ്സ് കഴിഞ്ഞവർ പ്രത്യേക ചടങ്ങുകളോടെ വാദ്ധ്യാന്റെ കാൽക്കൽ അഭിവാദ്യം ചെയ്യുന്നതോടെ ചങ്ങത കഴിഞ്ഞവരായും 18 വയസ് പൂർത്തിയായാൽ എ ക്ലാസ് അംഗങ്ങളായും അംഗീകരിക്കപ്പെടും. മഠത്തിൽ താമസിച്ച് ഓത്തുചൊല്ലി വാദ്ധ്യാന് അഭിവാദ്യം കഴിക്കാത്തവർ ബി ക്ലാസ് അംഗങ്ങളാണ്. ചങ്ങത കഴിയും വരെ സ്കൂൾ വിഷയപഠനം ഭാഗികമാണ്. അഭിവാദ്യം കഴിഞ്ഞ ശേഷമേ സ്കൂളിൽ ചേർന്നുള്ള പഠനം പതിവുള്ളൂ. അപ്പോൾ വേദപഠനം ഭാഗികമാകുമെങ്കിലും ഉപരിപഠനങ്ങളായ പദം, ക്രമം, ജട, രഥ എന്നിവയാണ് അഭ്യസിക്കുക. എത്രകാലം വേണമെങ്കിലും വേദപഠനം തുടരുകയും ഏത് പ്രൊഫഷണൽ ഡിഗ്രിയും സമ്പാദിക്കുവാൻ സൗകര്യമുണ്ടാക്കി കൊടുക്കുകയുമാണ് ലക്ഷ്യം.''
- വടക്കുമ്പാട് നാരായണൻ, ചെയർമാൻ, ബ്രഹ്മസ്വം മഠം വേദഗവേഷണ കേന്ദ്രം
..............................................................
''ഓൺലൈൻ പഠനം എന്തായാലും മഠത്തിൽ താമസിച്ച് പഠിക്കുന്നതു പോലെയാകില്ല. പക്ഷേ, ഈ സാഹചര്യത്തിൽ വേറെ നിവൃത്തിയില്ലല്ലോ. എല്ലാവരുടെയും സുരക്ഷിതത്വമാണ് പ്രധാനം. പഠനം മുടങ്ങുന്നില്ലല്ലോ എന്ന ആശ്വാസവുമുണ്ട്.''
- വടക്കുമ്പാട് പശുപതി നമ്പൂതിരി, പ്രിൻസിപ്പൽ, ബ്രഹ്മസ്വം മഠം