കൊല്ലം: അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ കൈയിൽ നയാ പൈസ ഇല്ലാഞ്ഞിട്ടും കൊല്ലം തീരത്തുനിന്ന് ആറ് വള്ളങ്ങൾ ഇന്നലെ രാവിലെ കടലിലേക്ക് കുതിച്ചു. പോകരുതെന്ന് ഫീഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 'വീട്ടിൽ അടുപ്പ് പുകയുന്നില്ല സാറെ' എന്ന് പറഞ്ഞാണ് അവർ പോയത്. ഏറെ വൈകാതെ വല പോലും വിരിക്കാതെ അവർ മടങ്ങിയെത്തി. കടൽ അത്രത്തോളം കലിതുള്ളി നിൽക്കുകയാണ്. തീരം കഴിയുമ്പോൾ തന്നെ ശക്തമായ കാറ്റാണ്. ശക്തമായ മഴയുമുണ്ട്.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ചയാണ് കാലാവസ്ഥ മുന്നറിയിപ്പ് നിലവിൽ വന്നത്. ഒറ്റ ദിവസം കൊണ്ട് അവസാനിക്കുമെന്ന് കരുതിയ കാറും കോളും മൂന്ന് ദിവസമായി തുടരുകയാണ്. കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്നും മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഞായറാഴ്ച ജില്ലയിൽ നിന്ന് അപൂർവമായേ വള്ളക്കാർ കടലിൽ പോകാറുള്ളു. ഞായറും കൂടി കൂട്ടി മത്സ്യത്തൊഴിലാളികൾ പണിയില്ലാതെ കരയ്ക്കിരിക്കാൻ തുടങ്ങിയിട്ട് നാല് ദിവസം പിന്നിടുകയാണ്. ഇനിയും കടൽ കലിതുള്ളി നിന്നാൽ തീരം ഒന്നാകെ പട്ടിണിയിലാകും. അനുബന്ധ തൊഴിലാളികളും മത്സ്യസംസ്കരണ യൂണിറ്റുകളും പ്രതിസന്ധിയിലാകും.
മത്സ്യബന്ധന യാനങ്ങൾ
കൊല്ലം തീരം: 800 വള്ളങ്ങൾ
ശക്തികുളങ്ങര: 900 ബോട്ടുകൾ
നീണ്ടകര: 65 മദർ വള്ളങ്ങൾ
അഴീക്കൽ: 150 വള്ളങ്ങൾ, 200 ബോട്ടുകൾ
മത്സ്യക്ഷാമം രൂക്ഷം
മത്സ്യബന്ധന നിരോധനം നാലുനാൾ പിന്നിട്ടതോടെ മത്സ്യക്ഷാമം രൂക്ഷമായി. ചന്തയിൽ തട്ടുകളുടെ എണ്ണം കുറഞ്ഞു. വണ്ടിക്കാരും വീടുകളിൽ മത്സ്യവുമായി എത്തുന്നില്ല. ഉള്ള വരുത്തൻ മത്സ്യത്തിന് തീവിലയാണ്. ശക്തികുളങ്ങരയിൽ നിന്ന് നേരത്തെ പുറപ്പെട്ട പത്ത് ബോട്ടുകൾ മാത്രം ഇന്നലെ മടങ്ങിയെത്തി. ബോട്ടുകളിൽ പലതും മത്സ്യബന്ധനം നടത്താനാകാതെ കടലിൽ ഇടയ്ക്കിടെ നങ്കൂരമിട്ട് കിടക്കുന്നതായാണ് വിവരം. ശക്തികുളങ്ങരയിൽ നിന്നുള്ള ഇരുനൂറോളം ബോട്ടുകൾ കടലിൽ തുടരുന്നുണ്ട്. കൊല്ലം തീരവും നീണ്ടകര, അഴീക്കൽ ഹാർബറുകളും ചെറു കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളും നാല് ദിവസമായി ശാന്തമാണ്.
''
കാലവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കൊല്ലത്ത് നിന്ന് പോയ വള്ളക്കാർക്ക് കടലിലെ സ്ഥിതി ബോദ്ധ്യമായിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി കാലാവസ്ഥാ മുന്നറിയിപ്പ് വന്നിട്ടുണ്ട്.
കെ. സുഹൈർ,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ