തൃശൂർ: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് പി.ജി പ്രവേശന പരീക്ഷയ്ക്ക് നിശ്ചിത മാർക്ക് നൽകണമെന്നും നിലവിൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും അടക്കമുള്ള ഡോക്ടർമാരെ ഒരു കാരണവശാലും മെഡിക്കൽ കോളേജിന് പുറത്തേക്ക് ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് നികത്താൻ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർക്ക് നിശ്ചിത മാർക്ക് പി.ജി പ്രവേശനപരീക്ഷയ്ക്ക് നൽകിയാൽ നിരവധി ഡോക്ടർമാർ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ മുന്നിട്ടിറങ്ങും. ഡോക്ടർമാർക്ക് അവരുടെ ജില്ലകളിലെ കേന്ദ്രങ്ങളിൽ ഡ്യൂട്ടി നൽകുകയും കൃത്യമായ സേവന വേതന വ്യവസ്ഥകൾ നൽകി നിലനിറുത്തുകയും ചെയ്താൽ രോഗികൾ കൂടിയാലും സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. ലൈസൺ ലോനപ്പൻ പറഞ്ഞു.