ഇന്നലെ വിളപ്പുറം ഭാഗത്ത് നാലുതവണ കരടിയെ കണ്ടു
കൊല്ലം: ഇന്നലെ വൈകിട്ടായപ്പോൾ എല്ലാവരും പറഞ്ഞു 'ആ എസ്.ഐ വെളിവില്ലാതെ വല്ലതും പറഞ്ഞതാവും, കരടി പോലും'. മണിക്കൂറുകൾ പിന്നിട്ട് രാത്രി 9 ആയി. ചാത്തന്നൂർ വിളപ്പുറത്ത് ബൈക്കിൽ പോവുകയായിരുന്നു യുവാവിന് മുന്നിലേക്ക് പൊന്തക്കാട്ടിൽ നിന്ന് ഒരു കറുത്ത രൂപം ചാടി വീണു. നാല് കാലുണ്ട്. നിറയെ രോമം. കാട്ടുപൂച്ചയല്ല, കരടി തന്നെ.
ഇന്നലെ വൈകിട്ട് അഞ്ചോടെ വിളപ്പുറം ക്ഷേത്രത്തിന് സമീപം വിജയന്റെ വീട്ടുമുറ്റത്ത് ചെറിയ മെറ്റിൽ ചിപ്സിൽ ചെറിയ കാൽപ്പാടുകൾ കണ്ടിരുന്നു. നാട്ടുകാരെ പേടിപ്പിക്കണ്ടെന്ന് കരുതി ആദ്യം പുറത്ത് പറഞ്ഞില്ല. പിന്നീട് വന്ന് കണ്ടവർ കരടിയുടേത് തന്നെയെന്ന് ഉറപ്പിച്ചതോടെ ചാത്തന്നൂർ പൊലീസിനെ വിവരമറിയിച്ചു. രാത്രി 9 ഓടെ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചുകൊണ്ടിരിക്കെ ബൈക്കിൽ ചീറിപ്പാഞ്ഞൊരു യുവാവെത്തി. വിറച്ചുകൊണ്ട് പറഞ്ഞു. 'ഞാൻ കണ്ടു. കരടിയെ, ദേ ആ പൊന്തക്കാട്ടിൽ നിന്ന് ചാടി റോഡിന് കുറുകെ പോയി'. പൊലീസും നാട്ടുകാരും അവിടേക്ക് പാഞ്ഞു. പക്ഷെ അവിടെ ഒരനക്കവുമില്ല. ഇത്തിരി നേരം കഴിഞ്ഞപ്പോൾ വീണ്ടും രണ്ട് ചെറുപ്പുക്കാർ തൊട്ടടുത്തായി ഓടിമറയുന്ന കരടിയെ കണ്ടു. ഇങ്ങനെ ഒരു മണിക്കൂറിനുള്ളിൽ വിളപ്പുറത്ത് നാലിടത്ത് കരടി പ്രത്യക്ഷപ്പെട്ടു. ജെ.എസ്.എം ആശുപത്രിയിൽ നിന്ന് ഏകദേശം മൂന്ന് കിലോ മീറ്റർ അകലെയാണ് ഇന്നലെ കരടിയെ കണ്ടത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ ചാത്തന്നൂർ ജെ.എസ്.എം ആശുപത്രിക്ക് സമീപാണ് ആദ്യം കരടിയെ കണ്ടത്. വഴിയാത്രക്കാരായ യുവാക്കൾ വിളിച്ച് അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ചാത്തന്നൂർ സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തിലെ എസ്.ഐ സുരേഷ് ബാബുവും ഇരുട്ടിലേക്ക് ഓടിമറയുന്ന കരടിയെ കണ്ടിരുന്നു. ഇതോടെ സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ദ്രുതകർമ്മസേന ഇന്നലെ രാത്രി വിളപ്പുറത്ത് കരടിയെ കണ്ടതോടെ അവിടെയും തെരച്ചിൽ നടത്തുകയാണ്.
എങ്കിലും ചില സംശയങ്ങൾ
പലരും കരടിയെ കണ്ടെന്ന് പറയുമ്പോഴും പൊലീസും വനംവകുപ്പും പൂർണമായും വിശ്വസിച്ചിട്ടില്ല. 44 കിലോ മീറ്റർ അകലെ മടത്തറയ്ക്ക് അപ്പുറം ശംഖിലി വനത്തിൽ നിന്നാണ് കരടി ഇവിടേക്ക് എത്താൻ സാദ്ധ്യത. ഇങ്ങനെ ഇവിടെയെത്താൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. പകൽ സമയത്തെ കരടി സഞ്ചരിക്കാറുള്ളൂ. പക്ഷെ രാത്രി നേരങ്ങളിൽ മാത്രമാണ് ഇപ്പോൾ കണ്ടതായി പറയുന്നത്. ഇത്രയും ദിവസം ഒരിടത്ത് തങ്ങുന്ന കരടി ആഹാരത്തിന് വേണ്ടിയെങ്കിലും മനുഷ്യരെ ആക്രമിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല.
ഇന്ന് രാവിലെ ബിഗ് ഓപ്പറേഷൻ
ഇന്ന് രാവിലെ വനംവകുപ്പ് സംഘം കരടിയെ പിടികൂടാൻ വിളപ്പുറത്ത് പ്രത്യേക ഓപ്പറേഷൻ നടത്തും. രാവിലെ ആറരയോടെ പരിസരത്താകെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും.ഘട്ടംഘട്ടമായി ഓപ്പറേഷനുള്ള കൂട് ആയുധങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, വെറ്ററിനറി ഡോക്ടർമാർ എന്നിവയെത്തും. കരടിയെ കണ്ടെത്തി കഴിഞ്ഞാൽ വലയെറിഞ്ഞ് പിടികൂടാൻ ശ്രമിക്കും. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്തുടർന്ന് മയക്കുവെടി വയ്ക്കും. വേടിയേറ്റാലും കരടി വീണ്ടും ഓടും. അല്പം ദൂരം പിന്നിടുമ്പോൾ മയങ്ങി വീഴും. ഉടൻ വെറ്ററിനറി ഡോക്ടർമാർ ആരോഗ്യസ്ഥിതി പരിശോധിക്കും. നേരത്തെയെത്തിച്ച കൂട്ടിലാക്കി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകും. ആരോഗ്യസ്ഥിതി മോശമല്ലെങ്കിൽ ഉടൻ കാട്ടിൽ തുറന്നുവിടും.
''
ജനവാസ മേഖലയായതിനാൽ കൂട് വച്ച് കാത്തിരിക്കാനാവില്ല. അതുകൊണ്ടാണ് മയക്കുവെടി വച്ച് വീഴ്ത്താൻ ഒരുങ്ങുന്നത്. ജനങ്ങൾ പരമാവധി സഹകരിക്കണം. പരമാവധി വീടുകളിൽ തന്നെ ഇരിക്കണം.
ബി.ആർ. ജയൻ
റേഞ്ച് ഓഫീസർ, അഞ്ചൽ