സ്വെരേവ്,ബുസ്റ്റ, ബ്രാഡി എന്നിവരും സെമിയുറപ്പിച്ചു
ന്യൂയോർക്ക്: മുൻ ചാമ്പ്യൻ നവോമി ഒസാക്ക യു.എസ് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തി. ക്വാർട്ടറിൽ ഷെൽബി റോജേഴ്സിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-4ന് കീഴടക്കിയാണ് ഒസാക്ക സെമിയുറപ്പിച്ചത്. ഒരുമണിക്കൂർ 20 മിനിട്ടിൽ മത്സരം തീർന്നു.
ഇത്തവണ വിസ്മയക്കുതിപ്പ് തുടരുന്ന അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയാണ് സെമിയിൽ ഒസാക്കയുടെ എതിരാളി. ക്വാർട്ടറിൽ കസഖ്സ്ഥാന്റെ യൂലിയ പുടിൻസേവയെ 6-3, 6-2ന് കീഴടക്കിയാണ് ബ്രാഡി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിയിലെത്തിയത്. പുരുഷ സിംഗിൾസിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവ് ക്രെയേഷ്യൻ താരം ബോർണ കോറിച്ചിനെ 1-6, 7-6, 7-6,6-3ന് വീഴ്ത്തി അവസാന നാലിലെത്തി. 3 മണിക്കൂർ 25 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വെരേവ് കോറിച്ചിന്റെ വെല്ലുവിളി മറികടന്നത്. സ്വെരേവിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം സെമി പ്രവേശനമാണിത്. ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പണിലും സ്വെരേവ് സെമിയിലെത്തിയിരുന്നു.
ജോക്കോവിച്ചിനെ അയോഗ്യനാക്കിയ വിവാദ മത്സരത്തിലൂടെ ക്വാർട്ടറിലെത്തിയ സ്പാനിഷ് താരം പാബ്ലോ കരേനൊ ബുസ്റ്റ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 3-6, 7-6,7-6,0-6, 6-3ന് ഡെന്നിസ് ഷാപ്പലോവിനെ മറികടന്ന് സെമിയിലെത്തിയത്. 4 മണിക്കൂർ 8 മിനിട്ട് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബുസ്റ്റ തന്റെ കരിയറിലെ രണ്ടാം യു.എസ് ഓപ്പൺ സെമിക്ക് യോഗ്യത നേടിയത്.