തിരുവനന്തപുരം: വുമൺ ആൻഡ് ചിൽഡ്രൺ ഹോമിലെ കുട്ടികളാഗ്രഹിച്ച ലാപ്ടോപ് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഒരാഴ്ചയ്ക്കുള്ളിലെത്തിച്ചു. പി.ടി.പി നഗറിലെ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലെ അന്തേവാസികളായ കുട്ടികൾ ഓണത്തോടനുബന്ധിച്ച് കെയർഹോം സന്ദർശിക്കാനെത്തിയപ്പോഴാണ് കളക്ടറോട് ലാപ്ടോപ് വേണമെന്നാവശ്യപ്പെട്ടത്.
ഓണാവധി കഴിഞ്ഞയുടൻ ലാപ്ടോപ്പുമായി തങ്ങളെ കാണാനെത്തിയ കളക്ടറെ കൈയടിച്ചാണ് വിദ്യാർത്ഥികൾ വരവേറ്റത്. സ്ഥാപനത്തിലേക്ക് 20 കസേരകളും നൽകി. ഓൺലൈൻ ക്ലാസുകൾ മുടക്കരുതെന്നും എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും കളക്ടർ പറഞ്ഞു.
ലീഡ് ബാങ്കിന്റെ സഹാത്തോടെയാണ് ലാപ്ടോപ്പും കസേരകളും ലഭ്യമാക്കിയത്. സംസ്ഥാന വനിതാശിശു വകുപ്പിന് കീഴിൽ മഹിള സമഖ്യാ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനം. ലീഡ് ബാങ്ക് ഡിസ്ട്രിക് മാനേജർ ജി. ശ്രീനിവാസ പൈ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, മഹിള സമഖ്യാ സൊസൈറ്റി സ്റ്റേറ്റ് കൺസൾട്ടന്റ് ബോബി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.