താരരാജാക്കന്മാർക്കിടയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെയും തുറന്ന നിലപാടുകളിലൂടെയും കങ്കണ റനൗട്ട് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ട് ഒന്നര പതിറ്റാണ്ടായി .ബോളിവുഡിലെ സ്വജനപക്ഷപാതക്കാർക്കെതിരെ സധൈര്യം വിരൽ ചൂണ്ടിയ ഒരേയൊരു ബോളിവുഡ് നടി. ആരാധകർ ഇവരെ 'ബോളിവുഡിന്റെ ഝാൻസിറാണി'യെന്ന് വിളിച്ചു. തനിക്കെതിരെ വരുന്ന പ്രതിഷേധ അസ്ത്രങ്ങളെ പൊട്ടിച്ചെറിയുന്ന നിലപാടുകളുമായി മുന്നേറുകയാണ് കങ്കണ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് കങ്കണ.നിലപാടുകളിൽ മാത്രമല്ല അഭിനയ ജീവിതത്തിലും വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന നടി. മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ മാണ്ഡി എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച കങ്കണ ഇന്ന് ബോളിവുഡിലെ ശക്തമായ ലോബിയെ മാത്രമല്ല നേരിടുന്നത് മഹാരാഷ്ട്ര സർക്കാരിനെ കൂടിയാണ്. ഏറ്റുമുട്ടുന്ന ശക്തികൾ എത്ര വലിയവരാണെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മനോഭാവമാണ് കങ്കണ സ്വീകരിക്കുന്നത്. ബിസിനസുകാരനായ അമർദീപ് റനോട്ടിന്റെയും സ്കൂൾ അദ്ധ്യാപികയായ ആശാ റനോട്ടിന്റെയും മകളായാണ് രജപുത്ര സമുദായാംഗമായ കങ്കണയുടെ ജനനം. രംഗോലിയെന്നൊരു ചേച്ചിയും അക്ഷത് എന്നൊരു അനുജനും ഉണ്ട്. വീട്ടിൽ വലിയ നിർബന്ധക്കാരിയായിരുന്നു. അനുജന് തോക്കും കങ്കണയ്ക്ക് പാവയും വാങ്ങിയാൽ വഴക്കുണ്ടാകുമായിരുന്നു. വിവേചനം പാടില്ലന്ന് പറയും. ചെറുപ്പം മുതൽ വീട്ടിലെ വിവേചനകൾക്കെതിരെ ഉറക്കെ ശബ്ദം ഉയർത്തിയിരുന്നു. തന്റെ മുന്നിൽ കാണുന്ന അനീതിക്കെതിരെ ശക്തമായി പോരാടും . ചോദ്യം ചോദിക്കേണ്ടിടത്ത് കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചു തന്നെയാണ് കങ്കണ തന്റെ ഇപ്പോഴുള്ള ജീവിതത്തിലേക്ക് നടന്നു കയറിയത്.ബാല്യത്തിൽ തന്നെ വഴക്കു പറഞ്ഞവരോട് താൻ ഒരിക്കൽ പ്രശസ്തയാകുമെന്ന് കുഞ്ഞ് കങ്കണ പറഞ്ഞിരുന്നു.
കങ്കണയെ ഡോക്ടറാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം.എന്നാൽ തനിക്ക് ഡോക്ടർ ആവേണ്ടെന്ന് കങ്കണ ആദ്യമേ തീരുമാനിച്ചിരുന്നു.എൻട്രൻസ് പരീക്ഷയുടെ സമയമായപ്പോൾ വീട്ടിൽ നിന്ന് ഡൽഹിയിലേക്ക് ഒരു ഒളിച്ചോട്ടം. അന്ന് കങ്കണയ്ക്ക് പ്രായം പതിനാറ് . അവിടെ അരവിന്ദ് ഗൗറിന്റെ ആക്ടിംഗ് കോഴ്സിൽ ചേർന്നു. ചില കമ്പനികൾ മോഡലായി ക്ഷണിച്ചു. പക്ഷേ ക്രിയേറ്റിവിറ്റി കുറവാണെന്നപ പറ|ഞ്ഞ് ചാൻസുകൾ നിഷേധിക്കപ്പെട്ടു. ഒടുവിൽ മുംബൈയിലേക്ക് ചേക്കേറി.തനിക്കൊരു നടിയാകണം പ്രശസ്തിയുടെ കൊടുമുടിയിൽ കയറണമെന്നും കങ്കണ ഉറച്ചു തീരുമാനിച്ചിരുന്നു. എന്നാൽ വെറും പതിനായിരം രൂപ മാത്രമായിരുന്നു അന്ന് കങ്കണയുടെ കൈവശം ഉണ്ടായിരുന്നത്. തന്റെ ആദ്യ കാലഘട്ടങ്ങളിൽ ഭക്ഷണത്തിനും ഷെൽറ്ററിനും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആശാചന്ദ്ര ഡ്രാമാ സ്കൂളിൽ ചേർന്നു.അവസരങ്ങൾ തേടി സിനിമ സെറ്റുകളിൽ അലഞ്ഞു നടന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന് പരിഹാസ വാക്കുകൾ കേട്ടു. എന്നിട്ടും തളർന്നില്ല കങ്കണ. ആരുടെയും സഹായം തേടാതെയും ആർക്കും വഴങ്ങി കൊടുക്കാതെയുമുള്ള തന്റെ ഈ സിനിമ യാത്ര തന്നെയാണ് കങ്കണ എന്ന കരുത്തുറ്റ വ്യക്തിയെ വാർത്തെടുത്തത്.
അഭിനയ ജീവിതത്തിൽ മോശം ചില ചിത്രങ്ങളിൽ മുഖം കാണിക്കേണ്ടിവരുമോയെന്ന അവസ്ഥയിലൂടെ കങ്കണ കടന്നുപോയിട്ടുണ്ട്.എന്നാൽ തന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അതെല്ലാം കങ്കണ അതിജീവിച്ചു.മഹേഷ് ഭട്ട് നിർമ്മിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ഗാംഗ്സ്റ്ററി'ലൂടെ ബോളിവുഡിൽ താരം വരവറിയിച്ചു. സൂപ്പർഹിറ്റായി മാറിയ ആ ചിത്രത്തിൽ കങ്കണയെ ബോളിവുഡ് ഒന്നടങ്കം ശ്രദ്ധിച്ചു. പിന്നീട് വന്ന ചിത്രങ്ങൾ പണം വാരിയതോടെ ബോളിവുഡിലെ സൂപ്പർനായികയെന്ന പരിവേഷത്തിലേക്ക് അവർ ഉയർന്നു. കൃഷ് 3 , ക്യൂൻ , തനു വെഡ്സ് മനു , ഡബിൾ ധമാൽ , തനു വെഡ്സ് മനു റിട്ടേൺസ് ഷൂട്ട് ഔട്ട് അറ്റ് വഡോധര,തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു.മണികർണിക, ഝാൻസിറാണി തുടങ്ങി ചരിത്ര വേഷങ്ങളിലും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് 'ക്യൂനി'ലെ പ്രകടനത്തിനായിരുന്നു. മധുർ ഭണ്ഡാർക്കറുടെ ഫാഷനിൽ പ്രിയങ്കചോപ്രയോടൊപ്പം കങ്കണയും തിളങ്ങി. നായിക പ്രിയങ്കയായിരുന്നു. ഷോണാലി ഗുജ് റാൾ എന്ന മോഡലായി വേഷമിട്ട കങ്കണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് അതിലൂടെ കരസ്ഥമാക്കി.തനു വെഡ്സ് മനു റിട്ടേൺസിലാണ് മികച്ച നടിക്കുള്ള രണ്ടാമത്തെ ദേശീയ അവാർഡ് നേടിയത്.
ബോളിവുഡ് അടക്കി വാഴുന്ന ഖാൻ കപ്പൂർ സൂപ്പർ താരങ്ങളുടെ നിഴലാവാൻ തന്നെ കിട്ടില്ലെന്ന് കങ്കണ തുറന്നു പറഞ്ഞിട്ടുണ്ട്. 'സ്ത്രീപക്ഷ സിനിമകൾ വരുന്ന ഇൻഡസ്ട്രിയിൽ എന്തിനാണ് സൂപ്പർതാരങ്ങളുടെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിക്കണം' എന്നായിരുന്നു കങ്കണയുടെ ചോദ്യം. സിനിമകളുടെ തിരഞ്ഞെടുപ്പിലും താരം തന്റെ നിലപാട് കാണിക്കാറുണ്ട്. ബോളിവുഡിലെ സൂപ്പർ താരങ്ങളോടുള്ള ഈ യുദ്ധം ഇപ്പോൾ ഒരു സർക്കാരിന് നേരെ കൂടി തിരിഞ്ഞിരിക്കുകയാണ് .തീയിൽ കുരുത്തതൊന്നും വെയിലത്ത് വാടില്ലെന്ന് പറയുന്ന പോലെയാണ് കങ്കണ.