കോട്ടയം : ഇടതു മുന്നണിയിൽ പോകാൻ താത്പര്യമില്ലാത്ത കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രവർത്തകരെ ഒപ്പം നിറുത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോട്ടയത്ത് കോൺഗ്രസ് ഉന്നത തല യോഗം ചേർന്നു . ഫലത്തിൽ ജോസ് വിഭാഗത്തെ പിളർത്താനുള്ള ആലോചനയിലേയ്ക്ക് കോൺഗ്രസ് നേതൃത്വമെത്തി എന്നതിന്റെ സൂചനയാണ് കോട്ടയം ഡി.സി.സിയിൽ അടച്ചിട്ട മുറിയിൽ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവർ പങ്കെടുത്ത രഹസ്യയോഗത്തിൽ ഉണ്ടായത്. യു.ഡി.എഫിനെ വഞ്ചിച്ച് ഇടതുമുന്നണിയിൽ ചേക്കാറേൻ കേരള കോൺഗ്രസ് ജോസ് വിഭാഗം നടത്തുന്ന നീക്കത്തിനെതിരെ നേതാക്കൾ ആഞ്ഞടിച്ചു.
കോൺഗ്രസ് ഉണ്ടാക്കിയ ധാരണപ്രകാരം രാജി വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സി.പി.എമ്മിനൊപ്പം ചേർന്ന് തട്ടിയെടുത്തിട്ടും കോൺഗ്രസിന്റെ കൈവശമിരുന്ന രാജ്യസഭാ സീറ്റ് നൽകി പിന്നീട് യു.ഡി.എഫിലേക്ക് മടക്കികൊണ്ടുവന്നത് കോൺഗ്രസിന്റെ മഹാമനസ്കതയാണ്. നിയമസഭയിൽ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ വിട്ടുനിന്നതും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചതും ഈ വഞ്ചനയുടെ തുടർച്ചയാണ്.
മരണം വരെ കെ.എം. മാണിയെ വേട്ടയാടിയ ഇടതു പക്ഷത്തിനൊപ്പം അദ്ദേഹത്തിന്റെ അണികളെയും അനുഭാവികളേയും കൊണ്ടു ചെന്നെത്തിക്കുവാൻ ജോസ് വിഭാഗം നടത്തുന്ന നീക്കം വിലപ്പോകില്ലെന്ന് മനസിലാക്കി തന്ത്രങ്ങളാവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.
രഹസ്യയോഗത്തിൽ പങ്കെടുത്തവർ
കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ ,ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ് ,പി.ആർ. സോനാ, പി.എ. സലിം, ഫിലിപ്പ് ജോസഫ് ,ജോസി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം, നാട്ടകം സുരേഷ്.
യോഗത്തിന്റെ വിലയിരുത്തൽ
യു. ഡി. എഫിനോട് തുടർച്ചയായി രാഷ്ട്രീയ വഞ്ചനയാണ് ജോസ് വിഭാഗം കാട്ടുന്നതെന്ന് പൊതു അഭിപ്രായം
വിറക് വെട്ടാനും വെള്ളം കോരാനും ചിലരും ഫലം അനുഭവിക്കാൻ വേറെ ചിലരും എന്ന അവസ്ഥയ്ക്ക് അന്ത്യമായി.
ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത് കോൺഗ്രസിന് ഗുണകരമായെന്ന് എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടു.
----------------------
"വ്യക്തി താത്പര്യങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും വേണ്ടി ജോസ് വിഭാഗം നേതാക്കൾ നടത്തുന്ന നീക്കങ്ങൾ പ്രവർത്തകർ തള്ളും. കെ.എം. മാണിയെ സ്നേഹിക്കുന്നവർ യു.ഡി.എഫിൽ ഉറച്ചു നിൽക്കും. ഇവർക്ക് കോൺഗ്രസ് പരിപൂർണ സംരക്ഷണം നൽകും".
-ഉമ്മൻചാണ്ടി