ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിൽ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളായണി കാർഷിക കോളേജ് റോഡ് വെള്ളത്തിൽ മുങ്ങുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മുട്ടോളം വെള്ളം ഉയർന്നത് വാഹനയാത്രികരെ വലച്ചു. ഇരുചക്രവാഹനത്തിലെത്തിയവർ വെള്ളക്കെട്ട് താഴാൻ മണിക്കൂറോളം കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല. കല്ലിയൂരിൽ നിന്നും കാക്കാമ്മൂല തിരുവല്ലം ഭാഗത്തേക്ക് ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത വിധം കാക്കാമ്മൂല കായലിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സമീപം ഇന്റർലോക്ക് പാകിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്റർലോക്കും ഇളകി തുടങ്ങി. റോഡിൽ വെള്ളം ഉയർന്നതോടെ കായലോരത്തിന് സമീപത്തെ ചെറുകിടകച്ചവടക്കാരെ ബാധിച്ചു.
കല്ലിയൂർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പോയെങ്കിലും വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. കാക്കാമ്മൂല റോഡിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി അപകടസൂചനാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി പള്ളിച്ചൽ ഭാഗത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബാലരാമപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ മിക്കതും വെള്ളായണി കാർഷിക കോളേജ് വഴിയാണ് കടന്നുപോകുന്നത്. വെള്ളായണി കാർഷിക കോളേജിലെ ജീവനക്കാരും അദ്ധ്യാപകരുമുൾപ്പെടെ നിരവധി യാത്രക്കാർ കാക്കാമ്മൂല റോഡ് വഴിയാണ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നത്. വെള്ളായണി കായലിന് സമീപം വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോളേജ് അധികൃതരും ആവശ്യപ്പെടുന്നു.